ന്യൂഡൽഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ പ്രതിയായ ആഡംബരക്കപ്പലിലെ മയക്കുമരുന്ന് കേസ് ഒതുക്കിത്തീർക്കാൻ എട്ടു കോടി രൂപ വാങ്ങിയെന്ന ആരോപണത്തിൽപ്പെട്ട് നായകസ്ഥാനത്തു നിന്ന് പ്രതിനായകനായി മാറിയ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബയ് സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെയെ ഡൽഹിയിൽ വിളിച്ചുവരുത്തി വിശദീകരണം തേടിയതായി സൂചന. ഇദ്ദേഹത്തെ കേസന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയേക്കും. അഴിമതി ആരോപണം അന്വേഷിക്കാൻ അഞ്ചംഗ എൻ.സി.ബി സംഘം ഇന്ന് മുംബയിലെത്തും. ഇന്നലെ ഡൽഹി ആർ.കെ പുരത്തെ എൻ.സി.ബി ആസ്ഥാനത്തെത്തിയ വാങ്ക്ഡെ, അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് എൻ.സി.ബി ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാൻ വിളിപ്പിച്ചതാണെന്ന വാർത്തകൾ തള്ളി. ചില ഔദ്യോഗിക കാര്യങ്ങൾക്കായാണ് ഡൽഹിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളെ ഒഴിവാക്കാൻ പിൻഗേറ്റിലൂടെ ഓഫീസിലെത്തിയ അദ്ദേഹം രണ്ടുമണിക്കൂറോളം അവിടെ ചെലവഴിച്ചു. സോണൽ മീറ്റിംഗിനെത്തിയതാണെന്നാണ് എൻ.സി.ബി അധികൃതർ പറയുന്നത്. ആരെയും വിളിപ്പിച്ചിട്ടില്ലെന്നും വാങ്ക്ഡെയെ ചോദ്യം ചെയ്യണമെന്നുണ്ടെങ്കിൽ വിളിപ്പിക്കുമെന്നും വിജിലൻസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിംഗ് പറഞ്ഞു.
ഭീഷണിപ്പെടുത്തി പണം തട്ടൽ പതിവെന്ന്
എൻ.സി.ബി ഉദ്യോഗസ്ഥൻ
സമീർ വാങ്ക്ഡെ ബോളിവുഡ് താരങ്ങളെ സ്ഥിരമായി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിരുന്നെന്ന് ആരോപിക്കുന്ന കത്ത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് പുറത്തുവിട്ടു. രണ്ടുവർഷമായി വാങ്ക്ഡെയ്ക്കൊപ്പം ജോലി ചെയ്യുന്ന ഒരു എൻ.സി.ബി ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തലിന് പിന്നിൽ. നടി ദീപിക പദ്‌കോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങി നിരവധി താരങ്ങളെ ലഹരിമരുന്ന് കേസിൽപ്പെടുത്തുമെന്ന് വാങ്ക്ഡെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എൻ.സി.ബി ഓഫീസിൽ വച്ച് കൃത്രിമമായി തെളിവുകളുണ്ടാക്കി അയാസ് ഖാൻ എന്ന അഭിഭാഷകൻ മുഖേനയാണ് ഭീഷണിപ്പെടുത്തിയത്. ലഹരിമരുന്ന് ഇടപാടുകാരുമായും വാങ്ക്ഡെയ്ക്ക് ബന്ധമുണ്ട്. അങ്ങനെ ലഭിക്കുന്ന ലഹരിമരുന്നാണ് കേസിൽ തൊണ്ടിയായി ഉപയോഗിക്കുന്നതെന്നും കത്തിലുണ്ട്.
വാങ്ക്ഡെ തെറ്റുകാരനല്ലെന്ന് ഭാര്യ
ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സമീർ വാങ്ക്ഡെയുടെ ഭാര്യയും മറാഠി നടിയുമായ ക്രാന്തി രേദ്കർ പറഞ്ഞു. സമീർ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ആരോപണങ്ങൾ സഹിക്കാനാവുന്നില്ല. അദ്ദേഹം മാറിനിന്നാൽ പ്രയോജനം ലഭിക്കുന്ന ചിലരാണ് പിന്നിൽ. ഞങ്ങൾ കോടിപതികളല്ല, സാധാരണക്കാരാണ്.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം: വാങ്ക്ഡെ
നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റു ചെയ്തപ്പോൾ തുടങ്ങിയതാണ് തനിക്കും കുടുംബത്തിനുമെതിരായ ആക്രമണമെന്ന് സമീർ വാങ്ക്ഡെ പറഞ്ഞു. ജോലി തെറിപ്പിക്കുമെന്നും പറയുന്നു.
സമീർ വാങ്ക്ഡെ:
മഹാരാഷ്‌ട്രയിലെ വാഷിം സ്വദേശിയായ 2008 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥൻ. മുൻ റവന്യൂ ഉദ്യോഗസ്ഥനായ പിതാവ് ഹിന്ദുവും മാതാവ് മുസ്ളിമും. പഠിച്ചതും വളർന്നതും മുംബയിൽ. 2016ൽ ആദ്യഭാര്യ ശബ്ന ഖുറേഷിയുമായുള്ള ബന്ധം വേർപെടുത്തി 2017ൽ മറാഠി നടി ക്രാന്തി രേദ്കറെ വിവാഹം കഴിച്ചു. ഇരട്ട പെൺകുട്ടികൾ മക്കൾ.
2006ൽ ഇന്റലിജൻസ് ബ്യൂറോയിലൂടെ ഔദ്യോഗിക ജീവിതം തുടങ്ങി, ഡൽഹിയിലും ആന്ധ്രയിലും ജോലിചെയ്ത ശേഷം ഐ.എ.എസ് പാസായി ഐ.ആർ.എസിൽ
35ശതമാനം നികുതി അടയ്‌ക്കാത്തതിന് 2011ൽ ക്രിക്കറ്റ് ലോകകപ്പിനുള്ള സ്വർണക്കപ്പ് കസ്റ്റംസ് അസി.കമ്മിഷണറായ വാങ്ക്ഡെ മുംബയ് വിമാനത്താവളത്തിൽ പിടിച്ചുവച്ചു. ജേതാക്കളായ ഇന്ത്യൻ ടീമിന് നൽകിയത് ഡ്യൂപ്ളിക്കേറ്റ് കപ്പ്
2011 മുതൽ ബോളിവുഡ് താരങ്ങളുടെ നികുതി തട്ടിപ്പ്, മയക്കുമരുന്ന് ഉപയോഗം എന്നിവ അന്വേഷിച്ച് വാർത്തകളിൽ ഇടംനേടി. ഡെപ്യൂട്ടേഷനിൽ ദേശീയ അന്വേഷണ ഏജൻസിയിലും പ്രവർത്തിച്ചു.
2020 ആഗസ്റ്റ് മുതൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ. ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ ദുരൂഹമരണവും സിനിമാലോകത്തെ മയക്കുമരുന്ന് ബന്ധവും അന്വേഷിച്ച് വാർത്തകളിൽ. ദീപികാ പദുക്കോൺ, സാറാ അലിഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവരെ ചോദ്യം ചെയ്‌തു.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്കാരം നേടി.