ന്യൂഡൽഹി : മൂന്നുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ ഒരു കുടുംബത്തിലെ നാലു പേർ വെന്തുമരിച്ചു. ഈസ്റ്റ് ഡൽഹിയിലെ ഓൾഡ് സീലംപുരി ഭാഗത്ത് ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. ഹോരിലാൽ (59), ഭാര്യ റീന (55), മകൻ ആശു (24), മകൾ രോഹിണി (18) എന്നിവരാണ് മരിച്ചത്. നാലു പേരും ഉറക്കത്തിലായിരുന്നുവെന്നും തീ പടർന്നത് അറിഞ്ഞില്ലെന്നുമാണ് അഗ്നിശമന വിഭാഗത്തിന്റെ നിഗമനം. ഇവർ നാല് പേരും മൂന്നാം നിലയിലെ മുറികളിലായിരുന്നു. രണ്ടാം നിലയിലെ മുറിയിൽ ഉറക്കത്തിലായിരുന്ന മകൻ അക്ഷയ് (22) അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു.
പുലർച്ചെ നാലുമണയോടെയാണു അപകടസന്ദേശം ലഭിച്ചതെന്നും 16 അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ അണച്ചതെന്നും ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം. മുറിക്കുള്ളിൽ കൊതുകിനെ തുരത്താൻ കത്തിച്ചുവച്ചിരുന്ന അഗർബത്തിയിൽ നന്നോ മറ്റോ തീപ്പൊരിയുണ്ടായി വസ്ത്രങ്ങളിൽ പടർന്നതാകാമെന്നും സംശയിക്കുന്നുണ്ട്. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവരെത്തി തെളിവു ശേഖരിച്ചു. ശാസ്ത്രി ഭവനിൽ ജീവനക്കാരനായ ഹോരിലാൽ മാർച്ചിൽ വിരമിക്കാനിരിക്കുകയായിരുന്നു. ഭാര്യ കോർപറേഷൻ ജീവനക്കാരിയാണ്. മകൾ 12–ാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠനം പൂർത്തിയാക്കി ജോലിക്ക് തയാറെടുക്കുകയായിരുന്നു മകൻ ആശു.
അക്ഷയ്ക്ക് രക്ഷയായത് താമസിച്ചെത്തിയത്
ജോലി കഴിഞ്ഞ് വൈകിയെത്തിയത് കാരണം താഴത്തെ നിലയിൽ കിടന്നതാണ് അക്ഷയുടെ ജീവൻ രക്ഷപെടുത്തിയത്. സാധാരണ മാതാപിതാക്കൾക്കൊപ്പം മൂന്നാം നിലയിലെ മുറികളിലാണ് 3 മക്കളും രാത്രി ഉറങ്ങുന്നത്. എന്നാൽ അർദ്ധരാത്രിക്കു ശേഷമാണു താൻ വിട്ടിലെത്തിയതെന്നും അതിനാലാണു താഴത്തെ നിലയിൽ കിടക്കാൻ തീരുമാനിച്ചതെന്നും അക്ഷയ് പറഞ്ഞു.