കേസ് നാളെ വീണ്ടും

ന്യൂഡൽഹി : അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ (നീറ്റ്) പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനുള്ള വാർഷിക കുടുംബ വരുമാന പരിധി ഒ.ബി.സിയുടേത് പോലെ എട്ട് ലക്ഷമായി കണക്കാക്കണമെന്ന് ഉറപ്പിച്ച് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

നീറ്റിൽ ഇക്കൊല്ലം മുതൽ 27 % ഒ.ബി.സി സംവരണവും, 10% സാമ്പത്തിക സംവരണവും നടപ്പാക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരായ ഹർജിയിലാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്.

കഴിഞ്ഞ 21ന് കേസെടുത്തപ്പോൾ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ബെഞ്ച് കേന്ദ്ര നിലപാട് ആരാഞ്ഞിരുന്നു. തൃപ്തികരമായ മറുപടിയില്ലെങ്കിൽ നീറ്റിലെ സാമ്പത്തിക സംവരണ വിജ്ഞാപനം മരവിപ്പിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഒ.ബി.സി ക്രീമിലെയർ വിഭാഗത്തിന്റെ എട്ട് ലക്ഷം വരുമാന പരിധി എങ്ങനെ സാമ്പത്തിക സംവരണത്തിനും മാനദണ്ഡമാക്കുമെന്ന് രൂക്ഷവിമർശനവും ബെഞ്ച് ഉന്നയിച്ചിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

തീരുമാനം ചർച്ചയിലൂടെ

ചർച്ചകൾക്കും പഠനത്തിനും ശേഷമാണ് ഒ.ബി.സി ക്രീമിലെയർ വിഭാഗത്തിന് സമാനമായി 8 ലക്ഷം വരുമാനപരിധി സാമ്പത്തിക സംവരണത്തിലും നിശ്ചയിച്ചതെന്ന്

കേന്ദ്ര സാമൂഹ്യ നീതി - ക്ഷേമ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സാമ്പത്തിക സംവരണ നിയമ ഭേദഗതിക്കു തന്നെ അടിസ്ഥാനമായ എസ്.ആർ. സിൻഹോ കമ്മിഷൻ ശുപാർശ അടിസ്ഥാനമാക്കിയാണ് വരുമാനപരിധി നിശ്ചയിച്ചത്. ഒരു വിഭാഗമോ വ്യക്തിയോ സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടാൽ സംവരണത്തിന്റെ സഹായം ആവശ്യമില്ലെന്ന് സിൻഹോ കമ്മിഷൻ പറയുന്നുണ്ട്. അതിനാലാണ് ഒ.ബി.സി ക്രീമിലെയറിന്റെ വരുമാന പരിധി സാമ്പത്തിക സംവരണത്തിലും ഉപയോഗിച്ചത്. പരിധി നിർണയത്തിൽ ഗ്രാമ–നഗര വ്യത്യാസം പരിഗണിച്ചിട്ടില്ലെന്നും ഇതിൽ കാര്യമായ അന്തരം ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ അപ്പാടെ നിഷേധിക്കാനാണ് ഹ‌ർജിക്കാർ ശ്രമിക്കുന്നത്. അവരെ അപമാനിക്കലാണിത്. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയില്ലെങ്കിൽ ഈ വിദ്യാർത്ഥികൾക്ക് സംവരണാനുകൂല്യമോ പഠനമോ സാദ്ധ്യമാകാതെ വരും. ആറ് വർഷത്തിനിടെ എം.ബി.ബി.​എസ്. സീറ്റ് 56 ശതമാനവും മെഡിക്കൽ പി.ജി. സീറ്റ് 80 ശതമാനവും വർദ്ധിപ്പിച്ചെന്നും കേന്ദ്രം വ്യക്തമാക്കി.