ന്യൂഡൽഹി:കപ്പലിൽ ചരക്കു കടത്താനുള്ള കൂറ്റൻ കണ്ടെയ്‌നറുകൾ ഐ. സി.യു വരെയുള്ള ആശുപത്രികളാക്കി മാറ്റുന്നു. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ 100 കിടക്കകളുള്ള രണ്ട് 'കണ്ടെയ്‌നർ' ആശുപത്രികൾ സജ്ജമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഡൽഹിയിലും ചെന്നൈയിലും സ്ഥാപിക്കുന്ന ഇവ ആവശ്യമനുസരിച്ച് മറ്റിടങ്ങളിലേക്ക് വിമാനത്തിലോ, ട്രെയിനിലോ കൊണ്ടുപോകാം.
കൊവിഡ് രണ്ടാം തരംഗത്തിൽ പലയിടങ്ങളിലും ആശുപത്രി സൗകര്യം ലഭിക്കാതിരുന്നത് കണക്കിലെടുത്താണിത്. ഏഷ്യയിലെ ആദ്യത്തെ കണ്ടെയ്‌നർ അധിഷ്‌ഠിത ആശുപത്രികളാണിവ. ഇവ ഒരു സ്ഥലത്ത് പരസ്പരം ബന്ധിപ്പിച്ച് വലിയ ആശുപത്രിയുടെ മാതൃകയിൽ സ്ഥാപിക്കും. കൊവിഡ് കാലത്ത് ഒരു ഇറ്റാലിയൻ കമ്പനിയാണ് ഈ ആശയം ആദ്യമായി നടപ്പാക്കിയത്.
കൊവിഡ് വെല്ലുവിളികൾ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ തുറന്നതായി മന്ത്രി പറഞ്ഞു. 64,000 കോടി വകയിരുത്തിയ ആയുഷ്‌മാൻ ഭാരത് ആരോഗ്യ പദ്ധതി തുടങ്ങിയത് അങ്ങനെയാണ്. ആ പദ്ധതിയുടെ ഭാഗമാണ് കണ്ടെയ്‌നർ ആശുപത്രകൾ. കൊവാക്സിന് ലോകാര്യോഗ്യ സംഘടനയുടെ അംഗീകാരം വൈകില്ലെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.