ന്യൂഡൽഹി: കോൺഗ്രസ് നവംബർ ഒന്നിന് തുടങ്ങുന്ന അംഗത്വ വിതരണ പ്രചാരണത്തിൽ പുതിയ വോട്ടർമാർക്ക് മുൻഗണന നൽകാൻ ഇന്നലെ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെയും പി.സി.സി അദ്ധ്യക്ഷൻമാരുടെ യോഗത്തിൽ തീരുമാനമായി.
ദളിത്, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാനും നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നൽകും. കേന്ദ്ര നയങ്ങൾക്കെതിരായി നവംബർ 14 മുതൽ 29വരെ നടത്തുന്ന ജൻജാഗരൺ അഭിയാൻ വിജയിപ്പിക്കാനുള്ള നടപടികളും ചർച്ചയായി.
പാർട്ടിയുടെ സ്വാധീനം എല്ലാ വാർഡുകളിലും വില്ലേജുകളിലും ഉൾപ്രദേശങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാകും നവംബർ ഒന്നു മുതൽ മാർച്ച് 31വരെ അംഗത്വ വിതരണം നടത്തുക. കന്നി വോട്ടർമാരെ അംഗങ്ങളാക്കാൻ ശ്രദ്ധിക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ കൂടുതൽ പ്രവർത്തിക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകും. അവർക്കായി പാർട്ടി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ ബോദ്ധ്യപ്പെടുത്തും. വനിതകളുടെ ക്ഷേമത്തിനും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനും നിലകൊള്ളുന്നത് കോൺഗ്രസ് ആണെന്ന് ബോദ്ധ്യപ്പെടുത്തും.
ബി.ജെ.പി-ആർ.എസ്.എസ് ആശയങ്ങളെ പ്രതിരോധിക്കാൻ നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള പരിശീലനം ഉടൻ ആരംഭിക്കും. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ ജൻജാഗരൺ അഭിയാൻ വൻ വിജയമാക്കും.