ന്യൂഡൽഹി: രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പദ്ധതി സമർപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. പട്ടിണി മരണങ്ങൾ വർദ്ധിക്കുന്ന ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാർ, ഒഡിഷ, മദ്ധ്യപ്രദേശ് തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകം സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയ ശേഷം ഇക്കാര്യത്തിൽ ഒരു നയരൂപീകരണം നടത്തണമെന്നും കോടതി പറഞ്ഞു. സാമൂഹിക അടുക്കളകൾ രാജ്യവ്യാപകമാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ തന്നെയുള്ള വിഷയമാണെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ വ്യക്തമാക്കി.