baba-ramdev

ന്യൂഡൽഹി: ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ യോഗഗുരു ബാബാ രാംദേവിന് ഡൽഹി ഹൈക്കോടതി സമൻസ് അയച്ചു. രാംദേവിനെതിരെ ഡോക്ടർമാരുടെ സംഘടന നൽകിയ ഹർജിയിലാണ് നടപടി. വിഷയത്തിൽ രേഖാമൂലം മറുപടി നൽകാൻ 4 ആഴ്ച രാംദേവിനും മറ്റും സമയം അനുവദിച്ചു. ഡോക്ടർമാരുടെ സംഘടന നൽകിയ ഹർജിയിലെ ആരോപണങ്ങളിൽ തത്ക്കാലം കൂടുതൽ വിലയിരുത്തൽ നടത്തുന്നില്ലെന്നും ജസ്റ്റിസ് സി. ഹരിശങ്കർ പറഞ്ഞു.

ഹർജിയിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് രാംദേവിനു വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് നയ്യാർ വാദിച്ചു. എന്നാൽ അലോപ്പതി ചികിത്സാ രീതിക്കെതിരെ രാംദേവ് പരാമർശങ്ങൾ നടത്തുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ജസ്റ്റിസ് സി. ഹരിശങ്കർ പറഞ്ഞു. എന്നാൽ കേസിന്റെ കൂടുതൽ വിശദാംശങ്ങളിലേക്കു തത്ക്കാലം കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഹർജി അനുവദിക്കണോ വേണ്ടയോ എന്നതാണ് ഇപ്പോഴത്തെ കാര്യം' അദ്ദേഹം പറഞ്ഞു. പതഞ്ജലി എം.ഡിയും സി.ഇ.ഒയുമായ ആചാര്യ ബാലകൃഷ്ണയ്ക്കും ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ കമ്പനികൾക്കും സമൻസ് നൽകിയിട്ടുണ്ട്.

അലോപ്പതി ഡോക്ടർമാർക്കും ചികിത്സയ്ക്കുമെതിരെ തെറ്റായ പരാമർശം നടത്തിയ രാംദേവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മെഡിക്കൽ അസോസിയേഷനാണ് (ഡി.എം.എ) കോടതിയെ സമീപിച്ചത്. ലക്ഷക്കണക്കിന് രോഗികൾ അലോപ്പതി മരുന്നു കഴിച്ചു മരിച്ചുവെന്നു രാംദേവ് പറഞ്ഞതാണ് വിവാദമായത്.