ന്യൂഡൽഹി : പന്തീരാങ്കാവ് യു.എ.പി.എ കേസിലെ രണ്ടാം പ്രതിയും മാദ്ധ്യമ വിദ്യാർത്ഥിയുമായ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയും നിയമ വിദ്യാർത്ഥിയുമായ അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എ ആവശ്യവും ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, അഭയ് ശ്രീനിവാസ് ഓഖ എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളി. താഹ ഫസലിനെ എത്രയും വേഗം വിചാരണക്കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ പൂർത്തിയാക്കണം.
താഹയ്‌ക്ക് ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി, ഇരുവർക്കും ജാമ്യം അനുവദിച്ച കൊച്ചി പ്രത്യേക എൻ.ഐ.എ കോടതി ഉത്തരവ് ശരിവച്ചു. ഇതേ ജാമ്യവ്യവസ്ഥയിൽ തന്നെയാണ് താഹയ്ക്ക് ജാമ്യം അനുവദിക്കേണ്ടത്.
യു.എ.പി.എ. നിലനിൽക്കില്ലെന്ന് സുപ്രീംകോടതി
അലനും താഹയ്ക്കും എതിരെയുള്ള യു.എ.പി.എ. നിലനിൽക്കില്ലെന്ന് വിധിയിൽ പറയുന്നു. ചെറുപ്പക്കാരായതിനാൽ മാവോയിസ്റ്റ് ആശയങ്ങളിൽ ആകർഷിച്ചേക്കാം. മുദ്രാവാക്യം വിളിച്ചിരിക്കാം, പ്ലക്കോടോ, പുസ്തകങ്ങളോ കൈവശം വച്ചിരിക്കാം. എന്നാൽ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മാത്രമേ യു.എ.പി.എ ചുമത്താനാവുകയുള്ളൂ. ഇരുവരുടേയും സാമൂഹിക മാദ്ധ്യമങ്ങളിലോ ഫോണിയോ അടക്കം അത്തരം തെളിവുകൾ ഇല്ല. ഈ നിരീക്ഷണങ്ങൾ ജാമ്യ ഹർജിയുമായി മാത്രം ബന്ധപ്പെട്ടതെന്ന് 46 പേജുള്ള വിധി പകർപ്പിൽ വ്യക്തമാക്കുന്നു. വിചാരണ കോടതിയോ പ്രത്യേക എൻ.ഐ.എ കോടതിയോ കേസിന്റെ വിചാരണവേളയിൽ ഈ നിരീക്ഷണങ്ങൾ സ്വാധീനിക്കരുതെന്നും വിധിയിൽ പറയുന്നു.
കോടതിയുടെ നിരീക്ഷണം
രണ്ട് വർഷത്തെ പോരാട്ടം
2019 നവംബർ 1- മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് താഹ ഫസൽ, അലൻ ശുഹൈബ് എന്നിവരെ കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നു
അറസ്റ്റിന് ആധാരം വീട്ടിൽ നിന്ന് പിടിച്ചെടുത്ത മാവോയിസ്റ്റ് ആശയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലഘുലേഖകളും
യു.എ.പി.എ ചുമത്തുന്നു.
2019 ഡിസംബറിൽ കേസന്വേഷണം എൻ.ഐ.എയ്‌ക്ക്
2020 ഏപ്രിൽ 27 ന് കുറ്റപത്രം കൊച്ചി എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചു.
പ്രതികൾ കോഴിക്കോട് സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകി. അന്വേഷണത്തെ ബാധിക്കുമെന്ന് എതിർവാദം ഉയർന്നതോടെ കോടതികൾ ജാമ്യം തള്ളി
പ്രാഥമിക തെളിവ് പോലുമില്ലെന്ന് കണ്ടെത്തി പത്ത് മാസത്തിന് ശേഷം 2020 സെപ്തംബർ 9ന് എൻ. ഐ. എ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു
ഇതിനെതിരെ എൻ.ഐ.എ കേരള ഹൈക്കോടതിയിൽ. 2020 സെപ്തംബർ 20ന് താഹയുടെ ജാമ്യം റദ്ദാക്കി. അലന്റെ പ്രായവും മാനസികാവസ്ഥയും പരിഗണിച്ച് ജാമ്യം ശരിവച്ചു.
2021 ജനുവരിയിൽ വീണ്ടും ജയിലിലായ താഹ, ജാമ്യത്തിന് സുപ്രീംകോടതിയിൽ
എതിർത്ത് എൻ.ഐ.എ. അലന്റെയും ജാമ്യം റദ്ദാക്കാൻ ഹർജി