neet

ന്യൂഡൽഹി: സെപ്തംബർ 12ന് നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി അനുമതിനൽകി.

ഫലപ്രഖ്യാപനം മുംബയ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലക്കാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നൽകിയ അപ്പീലിലാണ് ഉത്തരവ്. ഫല പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാവാം. ഇതോടെ എം.ബി.ബി.എസ് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾക്ക് തുടക്കമാവും.

മഹാരാഷ്ട്രയിലെ സീലംപുരിലെ പരീക്ഷാ ഹാളിൽ വിദ്യാർത്ഥികളായ വൈഷ്ണ വിഭോപലെയ്ക്കും അഭിഷേക് കപ്‌സെയ്ക്കും നൽകിയ ഒ.എം.ആർ ഷീറ്റിലെയും ചോദ്യപേപ്പറിലെയും സീരിയൽ നമ്പർ വ്യത്യസ്തമായിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു. ഇവർക്കായി പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.

പരീക്ഷാഹാളിൽ ആറുപേർക്ക് ഒ.എം.ആർ ഷീറ്റും ചോദ്യപ്പേപ്പറും മാറിപ്പോയെങ്കിലും രണ്ടുപേർ മാത്രമാണ് അതു തിരിച്ചറിഞ്ഞ് കോടതിയെ സമീപിച്ചത്.

രണ്ടുപേർക്കായി പരീക്ഷ നടത്താനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസി, അതിന്റെ പേരിൽ പതിനാറ് ലക്ഷം പേരുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കരുതെന്നും ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി രണ്ടു വിദ്യാർത്ഥികളുടെ വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റുകയും ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.