premachandran

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഡാമിന്റെ ജലനിരപ്പ് 139.50 അടിയായി നിലനിറുത്തണമെന്ന തമിഴ്നാട്ടിന്റെ വാദം അംഗീകരിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. തമിഴ്നാടിന്റെയും മേൽനോട്ട സമിതിയുടെയും ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനം സ്വീകരിച്ച പോന്നിരുന്ന സുദൃഢമായ നിലപാടുകളിൽ അയവ് വരുത്തിയതും സുപ്രീംകോടതി ഉത്തരവ് തമിഴ്നാടിന് അനുകൂലമാക്കി. അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്കയില്ലെങ്കിൽ പുതിയ അണക്കെട്ട് എന്തിനെന്ന പ്രസക്തമായ ചോദ്യമാണ് തമിഴ്നാട് ഉയർത്തുന്നത്. തമിഴ്നാട്ടിന്റെ വാദമുഖങ്ങളെ പരോക്ഷമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണ്.

2014 ലെ സുപ്രീംകോടതി വിധിയിലൂടെ കേരളത്തിനു ലഭിച്ച പരിമിതമായ അവകാശമാണ് സംസ്ഥാനത്തിന്റെ പ്രതിനിധി കൂടി ഉൾപ്പെടുന്ന മൂന്നംഗ മേൽനോട്ട സമിതി. മേൽനോട്ട സമിതി അണക്കെട്ടിൽ മുഴുവൻ സമയം വിവരശേഖരണം നടത്തി സുരക്ഷാ ഓഡിറ്റിംഗ് നടത്തി റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. എന്നാൽ മേൽനോട്ട സമിതിയുടെ പ്രവർത്തനം കടലാസിൽ ഒതുങ്ങി. കുമളിയിൽ ഒരു ഓഫീസ് ആരംഭിച്ചതല്ലാതെ സ്റ്റാഫിനെ പോലും നിയോഗിച്ചിട്ടില്ല. ഇപ്പോഴും തമിഴ്നാട് നൽകുന്ന ഡേറ്റയെയാണ് കേരളം ആശ്രയിക്കുന്നത്. സുപ്രീംകോടതിയിൽ നിരന്തരമായ നിയമയുദ്ധത്തിലൂടെ ലഭിച്ച പരിമിതമായ അവകാശം പോലും ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞില്ല.

തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 126 വർഷം പഴക്കമുള്ള സുർക്കി നിർമ്മിതമായ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക കേന്ദ്രസർക്കാരിനെയും സുപ്രീംകോടതിയെയും ബോദ്ധ്യപ്പെടുത്തി പരിഹാരമാർഗം തേടാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്ക

ണമെന്നും അദ്ദേഹം പറഞ്ഞു.