rss

ന്യൂഡൽഹി: ആർ.എസ്.എസ് ദേശീയ നേതൃയോഗം അഖില ഭാരതീയ കാര്യകാരി മണ്ഡൽ കർണാടകയിലെ ധാർവാഡിൽ ആരംഭിച്ചു. ഇന്നലെ രാവിലെ ധാർവാഡിലെ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രത്തിൽ സർ സംഘചാലക് ഡോ.മോഹൻ ഭഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളയും ചേർന്ന് ഉദ്ഘാടനം ചെയ്തു. നേതൃസമ്മേളനം നാളെ സമാപിക്കും.

വർഷത്തിൽ രണ്ട് തവണയാണ് യോഗം നടക്കുക. സംസ്ഥാന, മേഖല, ദേശീയ ഭാരവാഹികളും ദേശീയ സമിതി അംഗങ്ങളും പരിവാർ സംഘടനകളിലെ സംഘടനാ സെക്രട്ടറിമാരുമടക്കം 350 പേരാണ് പങ്കെടുക്കുന്നത്. സംസ്ഥാനങ്ങളിലും പരിവാർ സംഘടനകളിലും നേതൃരംഗത്ത് വലിയ മാറ്റങ്ങൾ യോഗത്തിൽ നടപ്പാലാക്കിയേക്കും.

1925ൽ തുടങ്ങിയ ആർ.എസ്.എസിന്റെ ശതാബ്ദി 2025 ൽ നടക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ പ്രതിനിധി സഭ സംഘടനാ വിപുലീകരണ പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് യോഗം അവലോകനം നടത്തും. ശതാബ്ദിയുടെ ഭാഗമായി തയാറാക്കിയ 3 വർഷത്തെ പ്രവർത്തന പദ്ധതി യോഗം വിലയിരുത്തും. കൊവിഡ് കാലത്ത് ഇത്തരം യോഗങ്ങൾ ഓൺലൈനായാണ് നടന്നിരുന്നത്. കൊവിഡിന് ശേഷം ഇതാദ്യമായാണ് ദേശീയ കാര്യകാരി നേരിട്ട് യോഗം ചേരുന്നത്.

മൂന്നാം തരംഗം നേരിടാൻ 10 ലക്ഷം പ്രവർത്തകരെ പരിശീലിപ്പിച്ചതായി യോഗ തീരുമാനങ്ങൾ വിശദീകരിച്ച ദേശീയ പ്രചാർ പ്രമുഖ് സുനിൽ അംബേദ്കർ പറഞ്ഞു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളും 75-ാമത് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ പരിപാടികളും യോഗം ചർച്ച ചെയ്യും.