ന്യൂഡൽഹി: 2ജി സ്‌പെക്ട്രം വിവാദത്തിൽ നിരുപാധികം മാപ്പു പറഞ്ഞ് മുൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്. കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം സമർപ്പിച്ച അപകീർത്തി കേസിലാണ് റായ് പാട്യാല കോടതിയിൽ മാപ്പു പറഞ്ഞത്.
2 ജി സ്‌പെക്ട്രം റിപ്പോർട്ടിൽ നിന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഒഴിവാക്കാൻ സഞ്ജയ് നിരുപമും മറ്റു ചില എം.പിമാരും തന്നിൽ സമ്മർദം ചെലുത്തി എന്ന് വിനോദ് റായ് 2014ൽ ആരോപിച്ചിരുന്നു. ടൈംസ് നൗ ചാനലിനും ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിനും നൽകിയ അഭിമുഖത്തിലായിരുന്നു ആരോപണം. ഇതിനെതിരെയാണ് നിരുപം അപകീർത്തി കേസ് നൽകിയത്.
'മൻമോഹൻ സിംഗിന്റെ പേര് വെളിപ്പെടുത്താതിരിക്കാൻ എന്നെ സമ്മർദ്ദത്തിലാക്കിയ എം.പിമാരിൽ ഒരാളായി സഞ്ജയ് നിരുപമിന്റെ പേര് ഞാൻ ഇന്റർവ്യൂവിൽ തെറ്റായി പരാമർശിച്ചു. അത് സഞ്ജയ് നിരുപമിനും കുടുംബത്തിനും ഉണ്ടാക്കിയ വേദന ഞാൻ മനസിലാക്കുന്നു. അതിനാൽ നിരുപാധികം മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു'- വിനോദ് റായ് മാപ്പപേക്ഷയിൽ പറഞ്ഞു.
' യു.പി.എ. സർക്കാരിന്റെ കാലത്തെ 2ജി സ്‌പെക്ട്രം, കൽക്കരി ലേലം എന്നിവയുമായി ബന്ധപ്പെട്ട കൃത്രിമ റിപ്പോർട്ടുകൾക്ക് അദ്ദേഹം രാഷ്ട്രത്തോട് മാപ്പു പറയണം' എന്നാണ് ഇതേപറ്റി സഞ്ജയ് നിരുപം ട്വിറ്ററിലൂടെ പ്രതികരിച്ചത്. കേസിൽ ഏഴ് വർഷം നീണ്ട ഹിയറിംഗുകൾക്ക് ശേഷവും അഴിമതിക്ക് തെളിവ് കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
2ജി സ്‌പെക്ട്രം അഴിമതിക്കേസിൽ മുൻ ടെലികോം മന്ത്രി എ രാജയെയും ഡി. എം. കെ നേതാവ് കനിമൊഴിയെയും 2017ൽ പ്രത്യേക കോടതി വെറുതേ വിട്ടിരുന്നു.