bb

ന്യൂഡൽഹി: ജനന, മരണ രജിസ്‌ട്രേഷൻ വിവരങ്ങൾ ഏകീകരിക്കാൻ 1969ലെ ജനന, മരണ രജിസ്‌ട്രേഷൻ നിയമം ഭേദഗതി ചെയ്യും. നിലവിൽ രജിസ്‌ട്രേഷൻ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ്. ഭേദഗതി അനുസരിച്ച് സംസ്ഥാനതല വിവരങ്ങൾ കേന്ദ്രസർക്കാരുമായി പങ്കുവയ്ക്കണം. ഇതിനായി ചീഫ് രജിസ്ട്രാറെ സംസ്ഥാന തലത്തിൽ നിയമിക്കണം.
ജനന, മരണ രജിസ്‌ട്രേഷൻ വിവരങ്ങൾ, ജനസംഖ്യാ രജിസ്റ്റർ, വോട്ടർപട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പരിഷ്‌കരിക്കാനും കൃത്യത ഉറപ്പാക്കാനും ഈ വിവരങ്ങൾ ഉപയോഗിക്കും. ഭേദഗതി നടപ്പായാൽ പ്രസ്തുത വിവരങ്ങൾ കേന്ദ്ര സർക്കാരിന് ജനസംഖ്യാ രജിസ്‌ട്രേഷൻ പുതുക്കാനായി ഉപയോഗിക്കാം.
നിലവിൽ സംസ്ഥാനങ്ങളിൽ പ്രാദേശിക തലത്തിലാണ് ജനന, മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. ഇതിന് പകരം സംസ്ഥാനം നിയമിക്കുന്ന ചീഫ് രജിസ്ട്രാർ സംസ്ഥാനത്തു നിന്നുള്ള വിവരങ്ങൾ കേന്ദ്രവുമായി സംയോജിപ്പിക്കും. ഇതിന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മേൽനോട്ടം വഹിക്കും.
1969ലെ നിയമം ഭേദഗതി ചെയ്യുമ്പോൾ മൂന്ന് എ എന്ന വകുപ്പാണ് കൂട്ടിച്ചേർക്കുന്നത്. അതനുസരിച്ചാണ് ജനന, മരണ രജിസ്റ്റർ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ജനസംഖ്യാ രജിസ്റ്റർ പുതുക്കാനും മറ്റും ഉപയോഗിക്കാൻ സാദ്ധ്യമാകുന്നത്. ഇതേ വിവരങ്ങൾ വോട്ടർ പട്ടികയും പാസ്‌പോർട്ടും അടക്കമുള്ള രേഖകളിലെ വിവരങ്ങൾ പരിഷ്‌കരിക്കാനും ഉപയോഗിക്കാം.
ഭേദഗതി നടപ്പായാൽ ജനന, മരണ രജിസ്‌ട്രേഷൻ വിവരങ്ങൾ ഉപയോഗിച്ച് 2010ൽ തയാറാക്കുകയും 2015ൽ പുതുക്കുകയും ചെയ്ത ജനസംഖ്യ രജിസ്‌ട്രേഷൻ കേന്ദ്രം പുതുക്കിയേക്കും. കേന്ദ്ര നീക്കം ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള വളഞ്ഞ വഴിയാണെന്നാണ് പ്രതിപക്ഷ ആരോപണം.