ന്യൂഡൽഹി: ബോളിവുഡ് നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാൻ അറസ്റ്റിലായ ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കേസ് ഒതുക്കിത്തീർക്കാൻ 25 കോടി കൈക്കൂലി വാങ്ങിയെന്ന കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ മേധാവി സമീർ വാങ്ക്ഡെ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി പരിഗണിച്ചില്ല.
അറസ്റ്റ് ചെയ്യുന്നതിന് മൂന്നുദിവസം (72 മണിക്കൂർ) മുമ്പ് അറിയിക്കുമെന്ന് മഹാരാഷ്‌ട്രാ പൊലീസ് കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ വ്യക്തിപരമായി തന്നെ ആക്രമിക്കുകയാണെന്നും അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ഇടക്കാല സംരക്ഷണം വേണമെന്നുമാണ് വാങ്ക്ഡെയുടെ ആവശ്യം.
"എൻ.സി.ബി സോണൽ മേധാവിയായ എനിക്ക് കേന്ദ്ര സർക്കാരിന്റെ സംരക്ഷണം ആവശ്യമാണ്.
അതിനാൽ അന്വേഷണം സി.ബി.ഐയ്ക്കോ, എൻ.ഐ.എയ്ക്കോ കൈമാറണം. മഹാരാഷ്‌ട്ര സർക്കാരിലെ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഇടപെടൽ മൂലം എന്റെ അവകാശങ്ങൾ ലംഘിക്കപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കോടതി ഇടപെടണമെന്നും" വാങ്ക്ഡെ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിന്റെ കാര്യമാണ് വാങ്ക്ഡെ ഹർജിയിൽ സൂചിപ്പിച്ചത്.
അതേസമയം, വാങ്ക്ഡെയെ അറസ്റ്റ് ചെയ്യണമെങ്കിൽ അക്കാര്യം 72 മണിക്കൂർ മുമ്പ് അറിയിക്കുമെന്ന് മഹാരാഷ്‌ട്ര സർക്കാർ കോടതിയിൽ അറിയിച്ചു. തുടർന്ന് കേസിന്റെ മെറിറ്റിൽ ഇടപെടുന്നില്ലെന്നും ഹർജി തീർപ്പാക്കിയതായും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
കിരൺ ഗോസാവി അറസ്റ്റിൽ
എൻ.സി.ബി ഓഫീസർമാർക്കൊപ്പം പ്രത്യക്ഷപ്പെട്ട് വാർത്തകളിൽ ഇടം നേടിയ ആഡംബരക്കപ്പൽ ലഹരിപ്പാർട്ടികേസിലെ മുഖ്യസാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരൺ ഗോസാവിയെ പൂനെ പൊലീസ് അറസ്റ്റു ചെയ്‌തു. 2018ൽ രജിസ്റ്റർ ചെയ്‌ത വഞ്ചനാ കേസിലാണിത്. ഇയാളെ കോടതി നവംബർ അഞ്ചുവരെ പാെലീസ് കസ്റ്റഡിയിൽവിട്ടു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെതിരായ കേസ് ഒതുക്കിതീർക്കാൻ 25 കോടിരൂപ ആവശ്യപ്പെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസ് ഇയാളെ വിട്ടുകിട്ടാൻ അപേക്ഷ നൽകും.
മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്‌ത് 3.09 ലക്ഷം രൂപ തട്ടിയ കേസിൽ ഗോസാവിയുടെ സഹായി ഷെർബാനോ ഖുറേഷിയെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കയറ്റുമതി ബിസിനസുകാരനെന്ന് പരിചയപ്പെടുത്തിയാണ് ഗോസാവി തട്ടിപ്പ് നടത്തിയത്.
അതേസമയം ഗോസാവിയുടെ അറസ്റ്റിന് എൻ.സി.ബിയുടെ മയക്കുമരുന്ന് കേസുമായി ബന്ധമില്ലെന്ന് പൂനെ പാെലീസ് അറിയിച്ചു. ഇയാൾ രാജ്യം വിടുന്നത് തടയാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ പൊലീസ് അറസ്റ്റു ചെയ്‌ത ആര്യൻ ഖാനൊപ്പമുള്ള സെൽഫിയിലൂടെയാണ് ഗോസാവി വാർത്തകളിൽ ഇടം നേടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാവ് മനീഷ് ഭാനുഷാലിക്ക് മുംബയ് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.