ന്യൂഡൽഹി: ഇന്ത്യ-ആസിയാൻ സാംസ്‌കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ആസിയാൻ സാംസ്‌കാരിക പൈതൃക പട്ടിക സ്ഥാപിക്കാനും ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 18-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിനായി ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാർ നവീകരിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
വാക്സിൻ വിതരണം അടക്കം കൊവിഡ് മഹാമാരി സമയത്ത് സഹായിച്ച ഇന്ത്യ, വിശ്വസ്ത പങ്കാളിയുടെ കടമ നിറവേറ്റിയതായി ആസിയാൻ നേതാക്കൾ അഭിനന്ദിച്ചു.
ഇന്തോ-പസഫിക്കിലെ ആസിയാൻ കേന്ദ്രീകരണത്തിനുള്ള ഇന്ത്യയുടെ പിന്തുണയെ അവർ സ്വാഗതം ചെയ്തു. മേഖലയിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നതായും സംയുക്ത പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.
ദക്ഷിണ ചൈനാ കടലിലെ ഭീഷണികളും ഭീകരതയും ഉൾപ്പെടെ പൊതുതാത്പര്യവും ആശങ്കയുമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കാനുള്ള സംവിധാനങ്ങൾ വേണമെന്നും ദക്ഷിണ ചൈനാ കടലിൽ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവ ഉറപ്പാക്കാൻ രാജ്യങ്ങളുടെ മുകളിലൂടെയുള്ള വിമാനയാത്ര ആവശ്യമാണെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി.