ന്യൂഡൽഹി:ഹരിയാനയിലെ ബഹാദുർഗയിൽ മൂന്ന് വനിതാ കർഷകർ ട്രക്ക് ഇടിച്ച് മരിച്ചു. ഡൽഹി-ഹരിയാന അതിർത്തിയിലെ തിക്രിയിൽ 11മാസമായി കർഷക സമരം നടക്കുന്ന സ്ഥലത്തിനടുത്താണ് സംഭവം.
പഞ്ചാബിലെ മാൻസ ജില്ലയിലെ ദിയാലുവാല ഗ്രാമത്തിലെ അമർജിത് കൗർ, ഗുർ മൈൽ കൗർ, ഹർസീന്ദർ കൗർ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കിസാൻ സഭ ആരോപിച്ചു.
തിക്രിയിൽ കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ ഏഴ് വനിതാ കർഷകർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ഓട്ടോറിക്ഷ കാത്ത് നിൽക്കുമ്പോഴായിരുന്നു അപകടം. ട്രക്കിന്റെ ഡ്രൈവർ ഉറങ്ങിയെന്നും നിയന്ത്രണം വിട്ട് വനിതാ കർഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറിയെന്നുമാണ് പൊലീസ് വിശദീകരണം. രണ്ട് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിൽ കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റ രണ്ട് സ്ത്രീകൾ അപകട നില തരണം ചെയ്തു. ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സമരവേദിക്ക് സമീപം മുമ്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.
ദുരൂഹതയെന്ന് കർഷകർ
സംഭവം വെറും അപകടമല്ലെന്ന് കിസാൻ സഭ ആരോപിച്ചു. സംഭവത്തിന് തൊട്ടുമുൻപ് ഹരിയാന രജിസ്ട്രേഷനിലുള്ള ഒരു ട്രക്ക് സമീപത്ത് പാർക്കുചെയ്തിരുന്നു. വാഹനം പെട്ടെന്ന് അതിവേഗത്തിൽ വന്ന് കർഷകരെ ഇടിച്ചു തെറിപ്പിച്ചതാണെന്ന് സംശയമുണ്ടെന്നും കിസാൻ സഭ ചൂണ്ടിക്കാട്ടി.