ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കുള്ള അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനം ഇന്നാരംഭിക്കും. ഇന്നു മുതൽ 31വരെ റോം, ഇറ്റലി, വത്തിക്കാൻ സിറ്റി, നവംബർ 12വരെ ബ്രിട്ടനിലെ ഗ്ളാസ്കോ എന്നിവിടങ്ങളിലാണ് സന്ദർശനം. വത്തിക്കാനിൽ പ്രധാനമന്ത്രി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ കാണും. റോമിൽ 16-ാമത് ജി-20 നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. 2020ൽ കൊവിഡ് വ്യാപിച്ച ശേഷമുള്ള ജി-20യുടെ ആദ്യ വ്യക്തിഗത ഉച്ചകോടിയാണിത്.
ഐക്യരാഷ്‌ട്രസഭയുടെ കൺവെൻഷനുമായി ബന്ധപ്പെട്ട 26-ാമത് സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഗ്ലാസ്‌ഗോയിലേക്ക് പോകുന്നത്. രണ്ട് സമ്മേളനങ്ങളിലും ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.