supreme-court

ന്യൂഡൽഹി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും പരിശീലനവും ഉറപ്പാക്കാൻ സ്‌പെഷ്യൽ ടീച്ചർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. സി.ഡബ്ലിയൂ.എസ്.എൻ (ചിൽഡ്രൻ വിത്ത് സ്പെഷ്യൽ നീഡ്സ്) വിഭാഗത്തിലെ വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായി രജനീഷ് പാണ്ഡേ ഉൾപ്പടെയുള്ള മാതാപിതാക്കളുടെ ഹർജിയിലാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ചിന്റെ ഇടപെടൽ.

ആറു മാസത്തിനുള്ളിൽ സ്‌പെഷ്യൽ ടീച്ചർമാരുടെ ഒഴിവുകളിലും നിയമനം പൂർത്തിയാക്കാനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. 2022 ഫെബ്രുവരിക്കുള്ളിൽ ബന്ധപ്പെട്ട വകുപ്പിലെ സംസ്ഥാന കമ്മിഷണർമാർ റിപ്പോർട്ട് നൽകണം. 2022- 23 അദ്ധ്യയന വർഷത്തിനുള്ളിൽ തന്നെ എല്ലാ ഒഴിവുകളിലും നിയമനം നടത്തണം. സ്‌പെഷ്യൽ സ്‌കൂളുകളിലെ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതത്തിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളും കേന്ദ്രം പ്രസിദ്ധീകരിക്കണം. സ്‌പെഷ്യൽ ടീച്ചർമാരുടെ നിയമനത്തിനുള്ള നിബന്ധനങ്ങളും മാർഗനിർദേശങ്ങളും വിജ്ഞാപനം ചെയ്യണം. സംസ്ഥാനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധരുടെയും സ്‌പെഷ്യൽ ടീച്ചർമാരുടെയും നിയമനം അടിയന്തരമായി നടത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.


ആവശ്യമെങ്കിൽ അധിക നിയമനം
സ്‌പെഷ്യൽ ടീച്ചർമാരുടെ നിയമനത്തിന് സ്ഥിരം മാനദണ്ഡം വരുന്നത് വരെ 2019ൽ ഡൽഹി സംസ്ഥാന കമ്മിഷന്റെ ശുപാർശകൾ അനുസരിച്ച് തത്കാലം നിയമനം നടത്താം. അതനുസരിച്ച് സെറിബ്രൽ പാൾസി ബാധിച്ച എട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു സ്‌പെഷ്യൽ ടീച്ചർ (8:1), ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ ഉള്ള അഞ്ച് കുട്ടികൾക്ക് ഒരു സ്‌പെഷ്യൽ ടീച്ചർ (5:1), മൂകരും ബധിരരുമായ രണ്ട് കുട്ടികൾക്ക് ഒരു സ്‌പെഷ്യൽ ടീച്ചർ (2:1) എന്ന നിലയിലാണ് അനുപാതം. ആവശ്യമെങ്കിൽ അദ്ധ്യാപകരുടെ എണ്ണം വർദ്ധിപ്പിക്കാമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സി.ഡബ്ലിയു.എസ്.എൻ. കുട്ടികളുമായി ഇടപഴകാനും മറ്റും സാധാരണ അദ്ധ്യാപകർക്കും ജീവനക്കാർക്കും നിർബന്ധ പരിശീലനം നൽകണം.

സുപ്രീംകോടതി