kkk

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പതിനാറാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തി. ഇറ്റാലിയൻ സർക്കാരിന്റെ ഉന്നതരും ഇന്ത്യൻ അംബാസഡറും ചേർന്ന് സ്വീകരിച്ചു. രണ്ടു ദിവസത്തെ ഉച്ചകോടി ഇന്ന് ആരംഭിക്കും.

പ്രധാന ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിൽ എത്തിയതായും സന്ദർശനത്തിലെ മറ്റ് പരിപാടികൾക്കായി കാത്തിരിക്കുന്നുവെന്നും ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു. പിയാസയിലെ മഹാത്മാഗാന്ധി പ്രതിമയിൽ നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി.

ഇന്നും നാളെയുമായി നടക്കുന്ന ജി 20 ഉച്ചകോടിയിൽ കൊവിഡ് വ്യാപനം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക-ആരോഗ്യ സാഹചര്യം എന്നിവ ചർച്ചചെയ്യും. ഇന്നലെ അദ്ദേഹം യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേൽ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലിയൻ എന്നിവരുമായി വ്യാപാരം സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ തീരുമാനിച്ച റോഡ് മാപ്പ് 2025, രാഷ്ട്രീയ സുരക്ഷാ ബന്ധങ്ങൾ, വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. കൊവിഡ് വാക്സിനേഷനിൽ ഇന്ത്യ കൈവരിച്ച നേട്ടത്തെ ഇരുവരും അഭിനന്ദിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യും.

വത്തിക്കാൻ സിറ്റി സന്ദർശിക്കുന്ന മോദി ഇന്ന് ഉച്ചയ്ക്ക് 12ന് (വത്തിക്കാൻ സമയം രാവിലെ 8.30) മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. അര മണിക്കൂറോളം കൂടിക്കാഴ്ച നീളുമെന്ന വിവരമാണ് റോമിൽ നിന്ന് ലഭിച്ചതെന്ന് കത്തോലിക്കാസഭാ അധികൃതർ പറഞ്ഞു. ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നരേന്ദ്രമോദിയുടെ ആദ്യത്തെ സന്ദർശനമാണ്. 2000ൽ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിക്ക് ശേഷം റോം സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോജിനെയും മോദി കാണും. ജി 20 ഉച്ചകോടിക്ക് ശേഷം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ കോപ് 26 സമ്മേളനത്തിൽ പങ്കെടുക്കാൻ ബ്രിട്ടനിലെ ഗ്ലാസ്‌ഗോയിലേക്ക് പോകും. വേൾഡ് ലീഡേഴ്സ് സമ്മിറ്റ് എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ 120 രാഷ്ട്രത്തലവന്മാർ പങ്കെടുക്കും.