ന്യൂഡൽഹി: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപിച്ച തിക്രി, ഗാസിപൂർ അതിർത്തികളിലെ ബാരിക്കേഡുകൾ നീക്കി ഡൽഹി പൊലീസ്. കഴിഞ്ഞ വർഷം നവംബർ 26 മുതൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകളുടെ ഡൽഹി മാർച്ച് തടയുന്നതിനായാണ് അതിർത്തികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചത്.
കോൺക്രീറ്റ് ബാരിക്കേഡുകൾ ഉൾപ്പെടെ മുഴുവൻ തടസങ്ങളും ഉടനെ നീക്കി ഡൽഹി അതിർത്തികളിൽ നിന്നുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ഡൽഹി പൊലീസ് പറഞ്ഞു. സിംഘുവിലും തടസങ്ങൾ നീക്കും.
സമരം ചെയ്യാൻ അവകാശങ്ങളുണ്ടെങ്കിലും റോഡ് തടസപ്പെടുത്തരുതെന്ന് കർഷക സംഘടനകളോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഗതാഗതം തടസപ്പെട്ടതിന്റെ ഉത്തരവാദിത്വം പൊലീസിനാണെന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്. ഇതിനെ തുടർന്നാണ് ഡൽഹി പൊലീസിന്റെ നടപടി.
ഡൽഹിയിലേക്കുള്ള അതിർത്തികൾ തുറക്കുന്നതോടെ ഞങ്ങളുടെ ഉത്പന്നങ്ങൾ പാർലിമെന്റിൽ കൊണ്ടുപോയി വിൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ രാജ്യത്ത് എവിടെയും വിൽക്കാമെന്നാണ്. ഞങ്ങൾ പാർലിമെന്റിൽ വിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
- രാകേഷ് ടിക്കായത്, സംയുക്ത കിസാൻ മോർച്ച