vaccine

കൊച്ചി: കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലും പ്രവേശിക്കാൻ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാക്സിൻ നിർബന്ധമാക്കിയതടക്കമുള്ള ഉത്തരവ് ഹൈക്കോടതി ശരി വച്ചു. ഈ വ്യവസ്ഥകൾ ചോദ്യം ചെയ്ത് ഒരുകൂട്ടം വിദ്യാർത്ഥികളും സ്കൂൾ അദ്ധ്യാപകരും നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവ്.

പാർശ്വഫലങ്ങളുണ്ടാകുമെന്ന ഭയം മൂലം ഹർജിക്കാർ വാക്സിനെടുത്തിട്ടില്ല. ജീവിക്കാനും, , സ്വകാര്യതയ്‌ക്കുമുള്ള അവകാശമനുസരിച്ച് വാക്സിനെടുക്കാതിരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നാ യിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരിന്റെ സർക്കുലറുകളും ഉത്തരവും മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ആരോപിച്ചു.എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ പൊതുജന താത്പര്യങ്ങൾക്കാണ് മുൻഗണനയെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശത്തിൽ ചികിത്സ വേണ്ടെന്നു വയ്ക്കാനുള്ള അവകാശവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പകർച്ചവ്യാധികൾ നിയന്ത്രിക്കാനായി അടിയന്തര നടപടി സ്വീകരിക്കാനുള്ള ഭരണ നിർവഹണ വിഭാഗത്തിന്റെ അധികാരത്തെ ഈ അവകാശം ബാധിക്കില്ലെന്ന് മറ്റൊരു കേസിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.