കൊച്ചി: ലഹരിമരുന്നുകേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും മോചിപ്പിക്കുന്നില്ലെന്നാരോപിച്ച് എൽസാൽവദോർ പൗരൻ ജോണി അലക്‌സാണ്ടർ ഡുരസോല നൽകിയ ഹർജിയിൽ ഇയാളെ പാർപ്പിക്കുന്നതിനായി താത്കാലിക ഡിറ്റൻഷൻ സെന്റർ ഒരു മാസത്തിനകം സജ്ജീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരന് അതുവരെ ജയിലിൽ എ ക്ളാസ് തടവുകാരന്റെ സൗകര്യം നൽകണമെന്നും ബന്ധുക്കളുമായി ആശയവിനിയമം നടത്താൻ അനുവദിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ നിർദ്ദേശിച്ചു.
പത്തുകോടിരൂപ വിലവരുന്ന കൊക്കെയ്‌നുമായി 2018 മേയ് 18നാണ് ഡുരസോലയെ നെടുമ്പാശേരി എയർപോർട്ടിൽനിന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റുചെയ്തത്. എന്നാൽ ഡുരസോലയുടെ ബാഗിൽനിന്നാണ് കൊക്കെയ്‌ൻ കണ്ടെത്തിയതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയ എറണാകുളം ഫസ്റ്റ് അഡിഷണൽ സെഷൻസ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിട്ടും മൂന്നുമാസമായി ജയിലിൽ കഴിയുകയാണെന്നാണ് ഹർജിക്കാരന്റെ പരാതി.
വിചാരണക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും കേസിൽ അപ്പീൽ നൽകുമെന്ന് എൻ.സി.ബി അറിയിച്ചതിനെത്തുടർന്ന് ഇയാളെ തടഞ്ഞുവയ്ക്കാൻ ജൂലായ് 26ന് ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ ഉത്തരവിറക്കിയിരുന്നു. ഇത്തരം വിദേശപൗരന്മാരെ ജയിലിലല്ല, മതിയായ സൗകര്യങ്ങളുള്ള ഡിറ്റെൻഷൻ സെന്ററുകളിലാണ് പാർപ്പിക്കേണ്ടത്. ഇതനുസരിച്ച് തൃശൂരിൽ താത്കാലിക ഡിറ്റെൻഷെൻ സെന്റർ ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ മൂന്നു വിദേശപൗരന്മാർ നിലവിലുണ്ടെന്നും ഒരാൾക്കുകൂടി കഴിയാൻ സൗകര്യമില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡി. പബ്ളിക് പ്രോസിക്യൂട്ടർ വിശദീകരിച്ചു.