കുറുപ്പംപടി: കാടുകയറി കിടക്കുന്ന പെരിയാർവാലി കനാലുകൾ ശുചീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡിസംബർ മാസം ആദ്യവാരത്തോടുകൂടിയാണ് സാധാരണയായി കനാലിൽ വെള്ളം തുറന്നുവിടുന്നത്. എന്നാൽ ക്ലീനിംഗ് ജോലികളുടെ കാലതാമസം മൂലം എല്ലാ പ്രാവശ്യവും വെള്ളം തുറന്നു വിടുന്നത് വൈകുന്നത് പതിവാണ്. കൃഷിയിടങ്ങളും ജലസേചനത്തിനും കുടിവെള്ളത്തിനും മറ്റും നിരവധി ആളുകളാണ് പെരിയാർവാലി കനാലിനെ ആശ്രയിച്ചിരിക്കുന്നത്.
വെള്ളം തുറന്നു വിടുന്നതിന് ഒരാഴ്ച മുമ്പ് മാത്രം നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നേരത്തെ നടത്തണമെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം.
ജലദൗർലഭ്യം രൂക്ഷമാകും
കനാൽ വെള്ളം തുറന്നു വിടുന്നതിന് കാലതാമസം വന്നാൽ ജലദൗർലഭ്യം രൂക്ഷമാകും. ഇപ്പോൾ തന്നെ പണി തുടങ്ങിയാലെ എല്ലാ കനാലുകളിലും വെള്ളം തുറന്നു വിടാൻ സാധിക്കൂ. സബ് കനാലുകൾ നന്നാകാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവസരം കൊടുക്കുവാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല കളക്ടർ അടിയന്തര നിർദ്ദേശം ബണ്ഡപ്പെട്ടവർക്ക് കൊടുക്കും.
പി.പി. അവറാച്ചൻ , പ്രസിഡന്റ്, മുടക്കുഴ ഗ്രാമപഞ്ചായത്ത്