കിഴക്കമ്പലം: പ്ളസ് വൺ, കിഴക്കമ്പലം പഞ്ചായത്തിൽ അർഹതയുള്ളവർ ആശങ്കയിൽ. കിഴക്കമ്പലം പഞ്ചായത്തിൽ പ്ലസ് വൺ പഠനത്തിന് ആവശ്യത്തിന് സൗകര്യമില്ലാത്തതാണ് പ്രശ്നം. ഞാറള്ളൂർ ദയറ സ്‌കൂൾ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്നായി ഇക്കൊല്ലം എസ്.എസ്.എൽ.സി വിജയിച്ചത് 450 കുട്ടികളാണ്. ഇവരിൽ 202 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസും ലഭിച്ചു. എന്നാൽ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്‌കൂളായ സെന്റ് ജോസഫ്‌സിൽ പഠിക്കാൻ അവസരമുള്ളത് കമ്പ്യൂട്ടർ സയൻസ്, കൊമേഴ്‌സ് വിത്ത് സയൻസ് എന്നീ വിഷയങ്ങളിലായി 120 പേർക്കാണ്. ഈ പ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികളും മറ്റു സ്ഥലങ്ങളെയും പഞ്ചായത്തുകളെയും ആശ്രയിക്കേണ്ടി വരും. നിലവിലുള്ള രീതി അനുസരിച്ച് പ്ലസ് വണിനു അപേക്ഷിക്കുമ്പോൾ സ്വന്തം പഞ്ചായത്തിലുള്ളവർക്ക് ലഭിക്കേണ്ട വെയിറ്റേജ് മാർക്ക് നഷ്ടമാകും. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ വരെ മറ്റു പഞ്ചായത്തുകളിലെ പ്ലസ് വൺ റാങ്കിൽ ഏറെ പിന്നിൽ പോകുന്ന അവസ്ഥയിലാണ്.