waste

കൊച്ചി: അടുക്കള മാലിന്യങ്ങൾ വീട്ടിൽതന്നെ വളമാക്കി അതുപയോഗിച്ച് പച്ചക്കറിക്കൃഷി നടത്തുന്ന പുതിയ പദ്ധതിക്ക് ചുക്കാൻ പിടിച്ച് കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ. മേയറുടെ വാർഡായ എളമക്കരയാണ് പരീക്ഷണശാല. മേയറുടേതുൾപ്പെടെ നൂറോളം വീടുകളിൽ കഴിഞ്ഞ ഒന്നുമുതൽ ഇതിന് തുടക്കമായി. ഫ്ലാറ്റുകളിലടക്കം നടപ്പാക്കാവുന്നതാണ് പദ്ധതി.

ജൈവമാലിന്യ നി​ക്ഷേപത്തി​ന് 60 കിലോ ശേഷിയുള്ള ബിന്നും മണ്ണു നിറച്ച രണ്ട് ഗ്രോബാഗുകളും കാന്താരി, അമരപ്പയർ തൈകളും ഏജൻസിവഴി കൊച്ചി കോർപ്പറേഷൻ ലഭ്യമാക്കും. ഫ്ലാറ്റിലാണെങ്കിൽ ബാൽക്കണിയിൽ ഉൾപ്പെടെ ഇത് വയ്ക്കാം. കുറച്ചുസ്ഥലം മതി. അതിനാൽ കൂടുതൽപേർ സന്നദ്ധരായി മുന്നോട്ടുവരുന്നു. അടുത്തയാഴ്ച മറ്റ് മൂന്നു ഡിവിഷനുകളിലെ 200 വീട്ടുകാർ പദ്ധതിയുടെ ഭാഗമാകും. ശുചിത്വമിഷന്റെ കീഴിലുള്ള ഇക്കോ ബഗ് വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഏജൻസിക്കാണ് നിർവഹണച്ചുമതല. എം.ഡി ദീപക്‌വർമ്മ നേതൃത്വം നൽകുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മറ്റ് പാഴ്‌വസ്തുക്കൾ രണ്ടാഴ്ചയിലൊരിക്കൽ ഏജൻസി വീട്ടിൽ വന്ന് ശേഖരി​ക്കും.

സംസ്കരണം സിമ്പിൾ

 എല്ലാ ഭക്ഷ്യവസ്തുക്കളും ബിന്നിലിടാം. ജലാംശം പാടില്ല

 ആദ്യമാസം ഒന്നിടവിട്ടും പിന്നീട് ആഴ്ചയിൽ രണ്ടു ദിവസം വീതവും അറക്കപ്പൊടിയും ഇനോകുലവും വിതറണം. ദുർഗന്ധം ഉണ്ടാവില്ല

 ഊറിവരുന്ന വെള്ളം (ലീച്ചറ്റ് ) ബിന്നിന്റെ ടാപ്പിലൂടെ ശേഖരിച്ച് വെള്ളം ചേർത്ത് നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിക്കാം

 അഞ്ചു മാസം കൊണ്ട് വളമാകും

 ഇനോകുലം, അറക്കപ്പൊടി, ഗ്രോബാഗ് എന്നിവ സൗജന്യം. 150 രൂപയാണ് പ്രതിമാസ സർവീസ് ചാർജ്

 പ്ളാസ്റ്റിക് ഉൾപ്പെടെ ശേഖരിക്കുന്ന ദിവസങ്ങളുടെ കലണ്ടർ നൽകും.

ലക്ഷ്യം

നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം. വിജയിച്ചാൽ എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കും. നഗരത്തിലെ മാലിന്യം തള്ളുന്നത് ബ്രഹ്മപുരത്ത് കോർപ്പറേഷന്റെ 106 ഏക്കർ ഭൂമിയിൽ. മാലിന്യസംസ്കരണത്തിന് കഴിഞ്ഞ 9 വർഷത്തിനിടെ ചെലവിട്ടത് 30 കോടി.