മൂവാറ്റുപുഴ: ആശ്രമം പ്രൈവറ്റ് ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെ താവളമായിട്ട് നാളേറെയായിട്ടും നടപടിയെടുക്കാതെ അധികൃതർ. ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റടക്കം ഇവർ കൈയ്യടക്കി മദ്യപാനത്തിനായി ഉപയോഗിക്കുകയാണ്. യാത്രക്കാർ വിശ്രമിക്കുകയും ബസ് കാത്ത് നിൽക്കുകയും ചെയ്യുന്നിടത്തെല്ലാം സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാട്ടം തുടരുകയാണ്. മദ്യപിച്ച് അഴിഞ്ഞാട്ടം നടത്തുന്ന സംഘത്തിന്റ ഭീഷണി മൂലം സ്ത്രീകൾ അടക്കമുള്ളവർ ബസ് സ്റ്റാൻഡിൽ എത്താൻ ഭയപ്പെടുകയാണ്.
മദ്യപാനികളുടെ ശല്യം ഉൾപ്പെടെ തടയുന്നതിനായി ഒരുക്കിയ പൊലീസ് എയ്ഡ് പോസ്റ്റിൽ പൊലീസ് ഇല്ലാതായതോടെയാണ് ഇവിടവും മദ്യപാനികൾ കയ്യടക്കിയിരിക്കുന്നത്.
ഇവിടെയുള്ള എയ്ഡ് പോസ്റ്റിലേക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. നല്ല തിരക്കുള്ള സ്റ്റാൻഡിൽ കുട്ടികളടക്കം നൂറുകണക്കിനു സ്ത്രീകളാണ് നിത്യവും വന്നുപോകുന്നത്. സമീപത്തെ ബാറിൽ നിന്ന് മദ്യം വാങ്ങി ബസ് സ്റ്റാൻഡിൽ വന്നിരുന്ന് കഴിക്കുകയാണ് മദ്യപാനികൾ ചെയ്യുന്നത്. ഓട്ടോറിക്ഷകളും ലോറികളും മറ്റും കഴുകാനും ബസ് സ്റ്റാൻഡ് ഉപയോഗിക്കുന്നതിനാൽ ഇവിടെ വെള്ളക്കെട്ടും അഴുക്കും മൂലം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
നടപടിയില്ളെങ്കിൽ ഉപവാസമെന്ന് കൗൺസിലർ
നഗരത്തിലെ പ്രധാനപ്പെട്ട ബസ് സ്റ്റാൻഡായ മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡിൽ സ്ത്രീകൾക്കു ഭയപ്പാടില്ലാതെ എത്തി ബസിൽ കയറി യാത്ര ചെയ്യാനാകണം. ഇതിനായി സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ പ്രമീള ഗിരീഷ്കുമാർ പൊലീസ് അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന ആക്ഷേപമുണ്ട്. ഇനിയും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ആശ്രമം ബസ് സ്റ്റാൻഡിൽ ഉപവാസം സമരം നടത്താനാണ് കൗൺസിലറുടെ തീരുമാനം.