james

കളമശേരി: മഞ്ഞുമ്മൽ മീൻ വേലിൽ കെ.പി. ജയിംസിന്റെ ജീവിതം തന്നെ കരാട്ടെയാണ്. ടെൻഷി -നോ - ഹ -ഷിറ്റോ റിയു സ്റ്റൈലിലെ സോക്കെ ടെൻത് ഡാൻ റെഡ് ബെൽറ്റ് ഗ്രാൻഡ് മാസ്റ്റർ നേടി​യ ഏക ഇന്ത്യാക്കാരനാണ് ഇദ്ദേഹം.

സെക്കന്റി​ൽ എട്ട് ഹെവി പഞ്ച് ചെയ്യും. 44 വർഷത്തെ നിരന്തര പരിശീലനവും കഠിനാദ്ധ്വാനവും കൊണ്ട് നേടിയതാണ് കരാട്ടെ കഴി​വുകൾ.

പ്രായം 63 ആയെങ്കി​ലും 30കാരന്റെ ചുറുചുറുക്കാണ് ജയിംസി​ന്. മഞ്ഞുമ്മലെ റോഡി​ൽ 200 മീറ്റർ ദൂരം ഇരുകൈകളും നിലത്തു കുത്തി നടന്നു ചെറുപ്പത്തി​ൽതന്നെ നാട്ടുകാരെ അമ്പരപ്പി​ച്ചി​ട്ടുണ്ട്. അക്കാലത്ത് പുലർവേളകളി​ൽ നി​ത്യകാഴ്ചയായി​രുന്നു ഈ അഭ്യാസം.

വി​ദേശത്തുൾപ്പടെ 10,000 ൽപ്പരം ശിഷ്യരുണ്ട്. മഞ്ഞുമ്മലിലും അങ്കമാലിയിലും ഉൾപ്പെടെ എട്ട് പഠന കേന്ദ്രങ്ങളി​ൽ ആയോധനകല പഠി​പ്പി​ക്കുകയും ചെയ്യുന്നു. 1984, 87,89 വർഷങ്ങളിലെ കരാട്ടെ കത്ത വിഭാഗത്തിൽ ദേശീയ ചാമ്പ്യനാണ്. ലക്ഷക്കണക്കിന് രൂപയുടെ ചെലവുള്ളതിനാൽ അന്തർദേശീയ മത്സരങ്ങളി​ൽ പോകാറില്ല. കരാട്ടെയിൽ ഷിറ്റോറിയു, വടോറി യു, ജുഗോറിയു, ഷോട്ടോകാൻ എന്നിങ്ങനെ നാല് ശൈലികളുണ്ട്.. പഠിച്ച ശൈലിയിൽ നിന്ന് സ്വന്തമായി രൂപപ്പെടുത്തിയെടുക്കുമ്പോൾ പേരു മാറുകയും ഉന്നത ഗ്രാൻഡ് മാസ്റ്റർ പദവിക്കർഹനാകുകയും ചെയ്യും. ബ്ളാക്ക്ബെൽറ്റിൽ എട്ട് ഡിഗ്രി കഴിഞ്ഞ് പത്താം ബെൽറ്റ് ഗ്രേഡിലെത്തുമ്പോഴാണ് സ്വന്തം ശൈലിയുടെ സൂപ്പർ റെഡ് ബെൽറ്റ് ഗ്രാൻഡ് മാസ്റ്ററാകുന്നത്.

കരാട്ടെ ക്ലാസുകളിലെ വരുമാനം കൊണ്ടു മാത്രമാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഭാര്യ: മോളി, മക്കൾ :അഖിൽ (പൊലീസ് ) ,അലൻ ലീ (ഐ.ടി. ഫീൽഡ്) മരുമക്കൾ: സൂസൻ, മെൽബിൻസി.

 കരാട്ടെയിലൂടെ ആത്മബലവും ആത്മനിയന്ത്രണവും കൈവരുന്നു. പോസിറ്റീവ് ചിന്തകൾ മനസിൽ നിറയ്ക്കുക, അന്യന്റെ വേദന തന്റേയും വേദനയാണെന്നു മനസിലാക്കിയാൽ ആരും ആരെയും ഉപദ്രവിക്കില്ല. ഇതുവരെ ആരുമായും വഴക്കു കൂടിയിട്ടില്ല.

കെ.പി​.ജയിംസ്