മഹാത്മാഗാന്ധിയുടെ സ്മരണകൾ ഉറങ്ങുന്ന അഹമ്മദബാദിലെ സബർമതി ആശ്രമം ലോകോത്തര നിലവാരത്തിലുള്ള സ്മാരകമാക്കി മാറ്റാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചതു വലിയ വിവാദമായി മാറിയിരിക്കുകയാണ്. 2019 മാർച്ച് അഞ്ചാം തീയതിയാണ് ഗുജറാത്ത് സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ആശ്രമത്തിലെ പഴയ കെട്ടിടങ്ങളും മ്യൂസിയവും ആംഫി തിയേറ്ററും നവീകരിക്കാനും കാർ പാർക്കിംഗ് സൗകര്യം വിപുലമാക്കാനും ഒക്കെയാണ് ഉദ്ദേശിക്കുന്നത്. 1200 കോടി രൂപയാണ് ചെലവിലേക്ക് വകയിരുത്തുന്നത്.
സർക്കാരിന്റെ തീരുമാനം പുറത്തു വന്നതും അതേക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ഉയർന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി ഭരണമായതുകൊണ്ട് അവർ ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ശ്രമിക്കുമെന്നാണ് പ്രധാന ആക്ഷേപം. ഗാന്ധിഘാതകരുടെ പാർട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹത്തിന്റെ സ്മരണയെ പരമാവധി താഴ്‌ത്തിക്കെട്ടാനും അവഹേളിക്കാനുമാണ് ശ്രമിക്കുന്നതെന്നും വിമർശകർ ആരോപിക്കുന്നു. നവീകരണത്തിന്റെ പേരിൽ വലിയ തോതിലുള്ള വാണിജ്യവത്കരണമാണ് നടക്കാൻ പോകുന്നതെന്നും സബർമതി ആശ്രമത്തിന്റെ സ്വാഭാവികതയും നൈസർഗികതയും എളിമയും ലാളിത്യവും ഇതോടെ നഷ്ടപ്പെടുമെന്നും അവർ ഭയപ്പെടുന്നു. പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ, ഗാന്ധിജിയുടെ പൗത്രൻ രാജ്മോഹൻ ഗാന്ധി, സിനിമാ സംവിധായകൻ ആനന്ദ് പട്‌വർദ്ധൻ, മുതിർന്ന പത്രപ്രവർത്തകർ പി. സായ്‌നാഥ്, സംഗീതജ്ഞൻ ടി.എം. കൃഷ്ണ, സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ നേതാവുമായ യോഗേന്ദ്ര യാദവ് എന്നിവരടക്കം വിവിധ മേഖലകളിൽ പ്രസിദ്ധരായ 130 പേർ ചേർന്ന് ഒരു പ്രസ്താവനയും പുറപ്പെടുവിച്ചു. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതൊക്കെ തൃണവൽഗണിച്ചു വികസന പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്.
1915 ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിവന്ന ഗാന്ധിജി അഹമ്മദബാദിലാണ് താവളം ഉറപ്പിച്ചത്. 1917 ൽ സബർമതി നദിയുടെ തീരത്ത് 36 ഏക്കർ സ്ഥലം കണ്ടെത്തി ആശ്രമം സ്ഥാപിച്ചു. 1930 വരെ ഗാന്ധിജി യാത്രയിലോ ജയിലിലോ അല്ലാത്തപ്പോഴൊക്കെ സബർമതി ആശ്രമത്തിലാണ് താമസിച്ചത്. 1920 ൽ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എഴുതി തുടങ്ങുന്നതും 1921 ൽ നിസഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം നൽകുന്നതുമൊക്കെ സബർമതി ആശ്രമത്തിൽ താമസിച്ചു കൊണ്ടായിരുന്നു. 1930 മാർച്ച് 12 ന് 78 അനുയായികൾക്കൊപ്പം ഐതിഹാസികമായ ദണ്ഡിമാർച്ച് ആരംഭിച്ചതും സബർമതിയിൽ നിന്നായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷമേ താൻ ഇനി സബർമതിയിലേക്ക് തിരിച്ചുവരൂ എന്ന് അദ്ദേഹം അന്ന് ശപഥം ചെയ്തു. 241 മൈൽ താണ്ടി ദണ്ഡിയിലെത്തി ഉപ്പുകുറുക്കിയ ഗാന്ധിജിയും അനുചരന്മാരും അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് രണ്ടു വർഷത്തോളം ജയിൽവാസം അനുഭവിച്ചു. ബ്രിട്ടീഷ് സർക്കാർ സബർമതി ആശ്രമവും മറ്റു വസ്തുവകകളും കണ്ടുകെട്ടി. ജയിൽ മോചിതനായ ശേഷവും അദ്ദേഹം ആശ്രമം വീണ്ടെടുക്കാൻ ശ്രമിക്കുകയോ സബർമതിയിലേക്ക് തിരിച്ചുവരാൻ താത്പര്യപ്പെടുകയോ ചെയ്തില്ല. 1934 ൽ പ്രമുഖ വ്യവസായി ജമ്‌നാലാൽ ബജാജ് മുൻകൈയെടുത്ത് വാർദ്ധയിൽ സേവാഗ്രാമിന് സ്ഥലം കണ്ടെത്തി. 1936 ൽ ഗാന്ധിജി അങ്ങോട്ടു മാറി.
സ്വാതന്ത്ര്യ പ്രാപ്തിക്ക് തൊട്ടുമുമ്പ് 1947 ജൂലായ് 22 ന് പത്രലേഖകർ പഴയ ശപഥത്തിന്റെ കാര്യം ഒാർമ്മിപ്പിച്ചു. "പൂർണ സ്വാതന്ത്ര്യം ഇപ്പോഴും വളരെ ദൂരെയാണ്. എന്നെ സംബന്ധിച്ചിടത്തോളം സബർമതി അകലെയാണ് ; നവഖലി സമീപത്തും." എന്നായിരുന്നു മറുപടി. ആഗസ്റ്റ് 15 ന് താൻ നവഖലിയിലായിരിക്കുമെന്നും ഗാന്ധിജി കാലേകൂട്ടി പ്രഖ്യാപിച്ചു. ശിഷ്ടകാലം പാകിസ്ഥാനിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഒന്നുകിൽ പടിഞ്ഞാറൻ പഞ്ചാബിൽ അല്ലെങ്കിൽ കിഴക്കൻ ബംഗാളിൽ ; അതുമല്ലെങ്കിൽ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ. ഇപ്പോഴത്തെ പ്രവർത്തന കേന്ദ്രം നവഖലിയാണ്. അതുകഴിഞ്ഞാൽ പഞ്ചാബിലേക്ക് പോകുമെന്നും ആഗസ്റ്റ് ആറാം തീയതി വ്യക്തമാക്കി. "സ്വാതന്ത്ര്യ ദിനത്തിൽ ഞാൻ നവഖലിയിലായിരിക്കും. ആഗസ്റ്റ് 15 നമ്മുടെ വിചാരണ ദിവസമാണ്. ആരും വികൃതി കാട്ടരുത്. നമുക്ക് കൈവന്ന സ്വാതന്ത്ര്യം ദീപക്കാഴ്ചയൊരുക്കി ആഘോഷിക്കാനുള്ളതല്ല. അതു നമുക്ക് ഉപവസിക്കാനും നൂൽനൂൽക്കാനും പ്രാർത്ഥിക്കാനുമുള്ള ദിവസമാണ് " : ആഗസ്റ്റ് എട്ടിന് പാട്നയിൽ വച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു. 1946 - 47 കാലത്ത് കിഴക്കൻ ബംഗാളിൽ വലിയ വർഗീയ ലഹള നടന്ന പ്രദേശമാണ് നവഖലി. അന്ന് ഗാന്ധിജി പദയാത്ര നടത്തിയാണ് അവിടെ സമാധാനം പുന:സ്ഥാപിച്ചത്. സ്വാതന്ത്ര്യ പുലരിയിൽ നവഖലി വീണ്ടും കലാപ കലുഷിതമാകാനും കൂട്ടക്കൊലകൾ അരങ്ങേറാനും സാദ്ധ്യതയുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം നവഖലിയിലേക്ക് പോകാൻ ആഗ്രഹിച്ചത്.
എന്നാൽ ഗാന്ധിജി നവഖലിയിലും എത്തിയില്ല. ആഗസ്റ്റ് ഒമ്പതിന് കൽക്കട്ടയിലെത്തിയ ഗാന്ധിജിയോട് അവിടെ തുടരാൻ മുൻ ബംഗാൾ മുഖ്യമന്ത്രിയും മുസ്ളിം ലീഗ് നേതാവുമായ ഹുസൈൻ ഷഹീദ് സുഹ്റവർദി അഭ്യർത്ഥിച്ചു. 1946 ആഗസ്റ്റ് 16 ന് മുസ്ളിം ലീഗുകാർ ആചരിച്ച പ്രത്യക്ഷ സമരദിനം കൽക്കട്ടയെ കുരുതിക്കളമാക്കിയിരുന്നു. അതിന്റെ ഒന്നാംവാർഷികം കലുഷിതമാകുമെന്നും മുസ്ളിങ്ങൾ കൂട്ടക്കൊലയ്ക്ക് ഇരയാകുമെന്നും സുഹ്റവർദി ഭയപ്പെട്ടു. മഹാത്മജി കൽക്കട്ടയിലുണ്ടെങ്കിൽ അക്രമം ഉണ്ടാവില്ലെന്നും നവഖലിയിലെ ഹിന്ദുക്കളുടെ സുരക്ഷിതത്വം താൻ ഉറപ്പുവരുത്താമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി അത് അംഗീകരിച്ചു. അദ്ദേഹം കൽക്കട്ടയിൽ തങ്ങി സ്വാതന്ത്രദിനത്തിൽ നൂൽനൂൽക്കുകയും പ്രാർത്ഥിക്കുകയും മൗനവ്രതം ആചരിക്കുകയും ചെയ്തു. കൽക്കട്ട മാത്രമല്ല ബംഗാൾ ആകമാനം സമാധാനപൂർവം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എന്നാൽ ആഗസ്റ്റ് 30 ന് വീണ്ടും സംഘർഷമുണ്ടായി. 31 ന് രാത്രി ഗാന്ധിജി താമസിക്കുന്ന ഹൈദരി ഹൗസിലേക്ക് ലാത്തിയും കല്ലുമായി അക്രമികൾ പാഞ്ഞടുത്തു. വീടിനുനേരെ കല്ലേറുണ്ടായി. നേരിയ വ്യത്യാസത്തിലാണ് ഗാന്ധിജി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പിറ്റേദിവസം അദ്ദേഹം മരണം വരെ ഉപവാസം പ്രഖ്യാപിച്ചു. ബംഗാൾ ഗവർണർ സി. രാജഗോപാലാചാരി അടക്കം രാഷ്ട്രപിതാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഗാന്ധിജി വഴങ്ങിയില്ല. അക്രമം അവസാനിപ്പിക്കാതെ ഉപവാസം നിറുത്തില്ലെന്ന് ശഠിച്ചു. സെപ്തംബർ നാലാം തീയതിയാവുമ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി. ലഹളക്കാർക്ക് മാനസാന്തരമുണ്ടായി. നഗരം ശാന്തമായി. പഞ്ചാബിൽ 55,000 സൈനികർക്ക് കഴിയാത്ത കാര്യമാണ് ബംഗാളിൽ ഗാന്ധിജി ഒറ്റയ്‌ക്ക് സാധിച്ചതെന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ പ്രഭു അത്ഭുതം കൂറി.
ആരോഗ്യം വീണ്ടെടുത്താലുടൻ നവഖലിയിലേക്ക് പോകണമെന്നാണ് ഗാന്ധിജി അപ്പോഴും ആഗ്രഹിച്ചത്. എന്നാൽ അതൊരിക്കലും നടന്നില്ല. സെപ്തംബർ ആദ്യവാരമാകുമ്പോഴേക്കും ഡൽഹി നഗരം പഞ്ചാബിൽ നിന്നുള്ള അഭയാർത്ഥികളെക്കൊണ്ടു നിറഞ്ഞു. അവർ അസ്വസ്ഥരും പ്രതികാര ദാഹികളുമായിരുന്നു. സെപ്തംബർ നാല് മുതൽ ഡൽഹിയിലും ലഹള പൊട്ടിപ്പുറപ്പെട്ടു. 10,000 ത്തോളം മുസ്ളിങ്ങൾ കൊല്ലപ്പെട്ടു. മൂന്നേകാൽ ലക്ഷം പേർ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. സർദാർ പട്ടേൽ ഗാന്ധിജിയെ ഡൽഹിയിലേക്ക് വിളിച്ചു. സെപ്തംബർ ഒമ്പതിന് അദ്ദേഹം ഡൽഹിയിലെത്തി. ഗാന്ധിജിയും നെഹ്റുവും പട്ടേലും ഒത്തൊരുമിച്ച് ശ്രമിച്ചിട്ടും ഡൽഹിയും പഞ്ചാബും ശാന്തമായില്ല. വർഗീയ ലഹളകൾ തുടർന്നു. ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഒടുവിൽ ഗാന്ധിജി തന്റെ വജ്രായുധം പുറത്തെടുത്തു. ജനുവരി പന്ത്രണ്ടിന് അദ്ദേഹം മരണംവരെ നിരാഹാരം പ്രഖ്യാപിച്ചു. ജനുവരി 17 ആകുമ്പോഴേക്കും ഡൽഹിയും പഞ്ചാബും ശാന്തമായി. അക്രമികൾ മഹാത്മാവിനെ കണ്ട് മാപ്പിരന്നു. ആയുധങ്ങൾ അദ്ദേഹത്തിന്റെ കാൽക്കീഴിൽ ഉപേക്ഷിച്ചു. ജനുവരി 18 ന് മൗലാനാ ആസാദ് നൽകിയ മൂസമ്പി നീര് കുടിച്ച് ഗാന്ധിജി ഉപവാസം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ നിരാഹാര സമരം ഹിന്ദു തീവ്രവാദികളെ പ്രതികാര ദാഹികളാക്കി. അവർ അദ്ദേഹത്തെ കൊല്ലാൻ തന്നെ തീരുമാനിച്ചു. ജനുവരി 20 ന് പ്രാർത്ഥനാ യോഗത്തിൽ ബോംബേറുണ്ടായി. ജനുവരി 30 ന് ഒരു മതഭ്രാന്തന്റെ വെടിയുണ്ട അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചു. "പ്രകാശം പൊലിഞ്ഞു. എങ്ങും ഇരുൾ വ്യാപിച്ചിരിക്കുന്നു" എന്ന് ജവഹർലാൽ നെഹ്‌റു വിലപിച്ചു.
1960 ൽ ഇന്ത്യാ ഗവൺമെന്റ് സബർമതി ആശ്രമം ദേശീയ സ്മാരകമാക്കാൻ തീരുമാനിച്ചു. മ്യൂസിയം രൂപകല്പന ചെയ്തത് പ്രമുഖ വാസ്തുശില്പി ചാൾസ് കൊറയ ആയിരുന്നു. 1963 മേയ് പത്തിന് ജവഹർലാൽ നെഹ്റു സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചു. മഹാത്മജിയും കസ്തൂർബയും താമസിച്ചിരുന്ന ഹൃദയകുഞ്ജ്, ആചാര്യ വിനോബഭാവെയും പിന്നീട് മീരാബഹനും താമസിച്ചിരുന്ന വിനോബ കുടീർ, പ്രാർത്ഥനാ യോഗങ്ങൾ നടത്തിയിരുന്ന ഉപാസനാ മന്ദിർ, മദൻലാൽ ഗാന്ധി താമസിച്ചിരുന്ന മദൻ നിവാസ് എന്നിവയൊക്കെ അതേപടി നിലനിറുത്തി. അതുകൂടാതെ ഗാന്ധി സാഹിത്യവും ഉപഹാരങ്ങളും വിൽക്കുന്ന ഒരു പുസ്തകശാലയും സ്ഥാപിച്ചു.
നിലവിൽ സബർമതി ആശ്രമവും പരിസരപ്രദേശങ്ങളും മികച്ച രീതിയലല്ല സംരക്ഷിച്ചിട്ടുള്ളത്. പാശ്ചാത്യ രാജ്യങ്ങളിലുള്ള ഇത്തരം സ്മാരകങ്ങൾ കാണുമ്പോഴാണ് സബർമതിയുടെ പ്രാകൃതാവസ്ഥ ബോദ്ധ്യപ്പെടുക. ലാളിത്യം, എളിമ, സ്വാഭാവികത എന്നീ വാക്കുകൾ കൊണ്ടൊന്നും സബർമതി ആശ്രമത്തിന്റെ ദയനീയാവസ്ഥയെ നമുക്ക് മറികടക്കാൻ പറ്റുകയില്ല. സബർമതി ആശ്രമം ലോക നിലവാരത്തിൽ സംരക്ഷിക്കപ്പെടുക തന്നെ വേണം. അതിന്റെ തനിമയും സ്വാഭാവികതയും നശിക്കാനും പാടില്ല. വികസനം എന്നു കേൾക്കുമ്പോഴേക്കും വാളെടുക്കുന്നതു ശരിയല്ല, ചരിത്രകാരന്മാരായാലും രാഷ്ട്രീയ നേതാക്കളായാലും ഗാന്ധിജിയുടെ പൗത്രൻ തന്നെയായാലും.