കൊച്ചി: പ്രതീഷിന് ജോലി ഐ.ടി കമ്പനിയിലാണെങ്കിലും ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നത് മഹാത്മാഗാന്ധി. ഗാന്ധിസ്‌മരണ തുടിക്കുന്ന നൂറുകണക്കിന് പുസ്തകങ്ങൾ, ദിനപത്രങ്ങൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ തുടങ്ങിയവയുടെ ശേഖരമാണ് കൊച്ചി കങ്ങരപ്പടിയിലെ വീട് നിറയെ.
പഠനകാലത്ത് തുടങ്ങിയ ആരാധനയാണ് ഈ മുപ്പത്തിയേഴുകാരനെ ആറു വർഷം മുമ്പ് ഈ പാതയിലെത്തിച്ചത്.
എം.ബി.എ കഴിഞ്ഞ് ഇൻഫോപാർക്കിൽ ഐ.ടി കമ്പനിയുടെ ഫിനാൻസ് വിഭാഗത്തിൽ ജോലിയിലിരിക്കേയാണ് 1947 മുതലുള്ള വസ്തുക്കൾ ശേഖരിച്ചു തുടങ്ങിയത്.
ഗാന്ധിജിയുടെ മരണം റിപ്പോർട്ട് ചെയ്ത സ്റ്റേറ്റ്സ്‌മാൻ ഉൾപ്പെടെ പഴയ ഇംഗ്ളീഷ്, ഹിന്ദി ദിനപത്രങ്ങളും മാസികകളും, ആത്മകഥ മുതൽ ഗാന്ധിജിയെക്കുറിച്ച് വിവിധ ഭാഷകളിൽ രചിച്ച പുസ്തകങ്ങൾ അങ്ങനെ ഒട്ടേറെ വസ്തുക്കൾ. ജയിംസ് ബ്രൗൺ രചിച്ച, കൈവെള്ളയിൽ ഒതുങ്ങുന്ന പുസ്തകം മുതൽ റിച്ചാർഡ് അറ്റൻബറോ എഴുതി ബ്രിട്ടീഷ് ലൈബ്രറി പ്രസിദ്ധീകരിച്ചവ വരെ ഇക്കൂട്ടത്തിലുണ്ട്.
ഗാന്ധിജിയുടെ ചിത്രത്തോടെ പുറത്തിറങ്ങിയ മുഴുവൻ കറൻസി നോട്ടുകളും ശേഖരിച്ചിട്ടുണ്ട്. ഗാന്ധിത്തലയുള്ള 20 പൈസയുടെ മുതൽ നാണയത്തുട്ടുകൾ, 1948 മുതൽ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പുകൾ, ഇൻലൻഡ്, പ്രത്യേക കവർ എന്നിവയും നൂറുകണക്കിന്. വിദേശ സ്റ്റാമ്പുകളുണ്ട്.
പുസ്തകത്തിൽ തുടക്കം
പുസ്തകങ്ങൾ ശേഖരിച്ചാണ് തുടക്കം. പഴയ വസ്തുക്കൾ വിൽക്കുന്നവരിൽ നിന്നാണ് ഭൂരിഭാഗവും വാങ്ങിയത്. ഗുജറാത്തിൽ നിന്നുൾപ്പെടെ ശേഖരിച്ചു. അമേരിക്കയിലുള്ള ബന്ധുവായ മായയാണ് വിദേശ വസ്തുക്കൾ എത്തിച്ചത്. വൻതുക ഇവയ്ക്കായി മുടക്കിയിട്ടുണ്ട്.
കങ്ങരപ്പടിയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ രമേശന്റെയും ലീലയുടെയും മകനാണ് പ്രതീഷ്. ഭാര്യ: കെ. ദീപ്തി. മകൾ: ആരുഷി.
ലോകത്തിന് ഉൗർജം
``ഏറ്റവും വലിയ പ്രചോദനവും മാതൃകയുമാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ ജീവിതവും വാക്കുകളും ലോകമെങ്ങും വരുംതലമുറകൾക്കും ഉൗർജമാണ്.''
-പ്രതീഷ് എൽ.ആർ
ശേഖരം ഇങ്ങനെ
പുസ്തകം: 200+
കറൻസി: 100+
സ്റ്റാമ്പ്: 10,000+
തപാൽകവർ: 200+
പോസ്റ്റ് കാർഡ്: 300+
ഇൻലൻഡ്: 100+
ദിനപ്പത്രം: 50+