കൊച്ചി: എറണാകുളം -ഫോർട്ടുകൊച്ചി റൂട്ടിലെ ബോട്ടുജീവനക്കാരുടെ അമിതമായ മൊബൈൽ ഫോൺഭ്രമം യാത്രക്കാരെ ആശങ്കയിലാക്കുന്നു. യാത്രാസമയത്ത് ജീവനക്കാർ പ്രവേശനകവാടത്തിന്റെ പരിസരത്ത് ഉണ്ടാകണമെന്നാണ് നിയമം. എന്നാൽ അതിനുപകരം മൊബൈൽ ഫോണുമായി അവർ സ്രാങ്കിന്റെ കാബിനിൽ സമയം ചെലവഴിക്കുന്നുവെന്നാണ് പരാതി. ഒരു മാസം മുമ്പ് യാത്രക്കിടെ ബോട്ടിൽ നിന്ന് കായലിലേക്ക് ചാടിയ ആളെ രക്ഷപ്പെടുത്താൻ കഴിയാതെപോയത് ഇതിനുദാഹരണം. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ബോട്ടിലേക്ക് കയറുന്നതിനിടെ കാലുതെറ്റി കായലിലേക്ക് വീണ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ബുധനാഴ്ച വൈകിട്ട് 5.40 ന് എറണാകുളത്തു നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് വരികയായിരുന്ന ബോട്ട് ബംബാർക്കേഷൻ ജെട്ടിയിൽ അടുപ്പിച്ചപ്പോഴായിരുന്നു അപകടം.കപ്പൽച്ചാലിനോട് ചേർന്നുള്ള ജെട്ടിയാണിത്. സമീപം ഉണ്ടായിരുന്ന മച്ചുവ വലിക്കുന്ന മട്ടാഞ്ചേരി സ്വദേശി കലാമാണ് യാത്രക്കാരിയെ രക്ഷിച്ചത്. ബോട്ട് ജെട്ടിയോട് ചേർത്ത് അടുപ്പിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറയുന്നു.
സ്രാങ്ക്,ഡ്രൈവർ, രണ്ട് ലസ്കർമാർ, ഒരു ബോട്ടുമാഷ് എന്നിങ്ങനെ അഞ്ചു ജീവനക്കാരാണ് ഒരു ബോട്ടിലുള്ളത്. ജീവനക്കാരുടെ ജാഗ്രത കൊണ്ടുമാത്രം യാത്രക്കാരുടെ ജീവൻ തിരിച്ചുകിട്ടിയ ധാരാളം സന്ദർഭങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ പരിസരബോധം പോലുമില്ലാതെ മൊബൈലിൽ സമയം ചെലവഴിക്കുന്ന ജീവനക്കാർ യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
സുരക്ഷയ്ക്ക് മുൻഗണന
കഴിഞ്ഞ മാസത്തെ സംഭവത്തിൽ ആത്മഹത്യ ചെയ്യണമെന്നുറപ്പിച്ച യാത്രക്കാരൻ കപ്പൽച്ചാലിന്റെ ഭാഗത്തുവച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ശക്തമായ അടിയൊഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനം അസാദ്ധ്യമായി. ജീവനക്കാരുടെ സുരക്ഷക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ജലഗതാഗത അധികൃതർ പറഞ്ഞു