ആലുവ: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകൾ ഉൾപ്പെടുന്ന തുരുത്ത് ആരോഗ്യകേന്ദ്രം സബ് സെന്ററിൽ ഡോക്ടറുടെ സേവനം വേണമെന്ന ആവശ്യം ശക്തമായി. പെരിയാറിനാൽ ചുറ്റപ്പെട്ട തുരുത്ത് ഗ്രാമത്തിൽ എണ്ണൂറിലേറെ കുടുംബങ്ങളിലായി മൂവായിരത്തി അഞ്ഞൂറോളം ജനങ്ങളുണ്ട്. ഭൂരിഭാഗവും പാവപ്പെട്ടവരും സാധാരണക്കാരുമാണ്.
ഇവിടത്തുകാർ ചെറിയ അസുഖങ്ങൾ വന്നാൽപോലും ആലുവ നഗരത്തിലെ ആശുപത്രികളെ ആശ്രയിക്കണം. നിലവിൽ നഗരത്തിലേക്ക് എളുപ്പമെത്താവുന്ന നടപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്നതിനാൽ ദുരിതം ഇരട്ടിയാണ്. പകരം ബസ് ഗതാഗതവുമില്ല.
നാലു പതിറ്റാണ്ടു മുമ്പ് സ്ഥാപിച്ച ആരോഗ്യകേന്ദ്രം സബ് സെന്റർ 2014ൽ എം.പി. ഫണ്ട് ഉപയോഗിച്ച് നവീകരിച്ചിരുന്നു. എന്നാൽ ഇപ്പോഴും ഡോക്ടറുടെ ഒ.പി സേവനമില്ല. നാടിന്റെ പ്രത്യേക സാഹചര്യവും പാവപ്പെട്ട നാട്ടുകാരുടെ ആരോഗ്യപരിരക്ഷയും പരിഗണിച്ച് ആഴ്ചയിൽ മൂന്നുദിവസമെങ്കിലും ഡോക്ടറുടെ (ഒ.പി.) സേവനവും അവശ്യ മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് തുരുത്ത് സമന്വയ ഗ്രാമവേദി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി.