കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് മൂന്നാം വാർഡിൽ നെൽക്കൃഷിയിൽ വിജയഗാഥ രചിച്ച ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെ.എൽ.ജി) ജ്യോതി കുടുംബശ്രീ അംഗങ്ങൾ സർക്കാർ സഹായം കിട്ടാതെ വലയുന്നു. നീലീശ്വരം ജോസഫ് കോനുക്കുടി സൗജന്യമായി നൽകിയ പാടശേഖരത്ത് പയർ കൃഷി ചെയ്താണ് കൃഷി രംഗത്തേക്ക് ഇവരുടെ തുടക്കം. വാർഡ്മെമ്പർ ആനി ജോസ് നിർബന്ധിച്ചപ്പോഴാണ് നെൽക്കൃഷിയിലേക്ക് വന്നത്. ഉത്പാദന രംഗത്ത് മികച്ച നേട്ടമുണ്ടാക്കാനും ഇവർക്ക് കഴിഞ്ഞു.
അഞ്ചു പേർ ചേർന്നാണ് ജ്യോതി കുടുംബശ്രീ ആരംഭിച്ചത്. കാർഷിക ജോലികൾക്കായി ഇന്ന് നാലു പേർ മാത്രമാണുള്ളത്. 2017 മുതൽ സാമ്പത്തിക സഹായമില്ലാതെ കൃഷിയിറക്കേണ്ടി വരുന്നത് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി ഇവർ പറഞ്ഞു.
വളവും വിത്തും മഹാത്മ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ചേർത്താൽ തരിശുപാടങ്ങൾ കാർഷിക സമൃദ്ധമാക്കാമെന്ന് വാർഡ് മെമ്പർ ആനി ജോസ് പറഞ്ഞു. 2018ലെ പ്രളയത്തിൽ കൃഷിയാകെ നശിച്ചിട്ടും 20,000 മാത്രമാണ് കൃഷി വകുപ്പിൽ നിന്ന് ലഭിച്ചതെന്ന് സംഘം കുറ്റപ്പെടുത്തി. പത്തുപറ നിലമാണ് ജ്യോതി കുടുംബശ്രീ നെൽക്കൃഷി ചെയ്തിട്ടുള്ളത്. ഒരു കൊയ്ത്തിൽ ഒന്നര ടൺ നെല്ല് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. ഒരു ടൺ നെല്ല് വിറ്റാൽ 28,000 രൂപ മാത്രമേ ലഭിക്കുയുള്ളൂ. എന്നാൽ 45,000 രൂപ ചെലവുവരുമെന്നും സംഘാംഗങ്ങൾ പറഞ്ഞു. ഉഷ ബാലൻ, ഷീല ബാബു, ബിന്ദു പ്രകാശ്, ഷീബ ബാബു എന്നിവരാണ് ജ്യോതി കുടുംബശ്രീയുടെ നേതൃത്വം.
വിള ഇൻഷ്വറൻസിനും വളത്തിനും കൂലിക്കും വേണ്ട സഹായം ലഭിച്ചാൽ സ്ത്രീ കൂട്ടായ്മയായ കുടുംബശ്രീ വഴി നെല്ല് ഉത്പാദനം കൂട്ടാൻ കഴിയും. സുഭിക്ഷ കേരളം പദ്ധതിയിൽ ജെ.എൽ.ജി സംഘങ്ങളെ ഉൾപ്പെടുത്തണം
ജനത പ്രദീപ്, സി.ഡി.എസ്.ചെയർപേഴ്സൺ, മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത്