fg

കൊച്ചി: മിനിയേച്ചർ ആർട്ടിസ്റ്റ്, കർഷകൻ, മുയൽ വളർത്തൽ സംരംഭകൻ, കീബോർഡിസ്റ്റ്... പതിനാറുകാരനായ തൃപ്പൂണിത്തുറ മാപ്പിളപ്പറമ്പിൽ വീട്ടിൽ അമൽ കുര്യന് വി​ശേഷണങ്ങളേറെയുണ്ട്. പാഴ്‌വസ്തുക്കൾ കൊണ്ട് വാഹനങ്ങളുടെ കുഞ്ഞൻ രൂപമൊരുക്കിയാണ് എരൂർ ഭവൻസ് വിദ്യാമന്ദിറിലെ അമലെന്ന പ്ളസ്ടു വിദ്യാർത്ഥി ശ്രദ്ധാകേന്ദ്രമാകുന്നത്.
മോഹൻലാൽ ചിത്രം സ്ഫടികത്തിലെ 'ചെകുത്താൻ" ലോറി, മിഥുനത്തിലെ 'ദാക്ഷായണി ബിസ്‌കറ്റ്സി"​ന്റെ മെറ്റഡോർ വാൻ, ദിലീപ് ചിത്രം റൺവേയിലെ ജിപ്സി, വിന്റേജ് കാർ, ചേതക് സ്‌കൂട്ടർ... അങ്ങനെ അമലൊരുക്കിയ 25ലേറെ വാഹനരൂപങ്ങളത്രയും കൗതുകമുണർത്തുന്നവ.

ഹാർഡ് ബോർഡി​ൽ രൂപമുണ്ടാക്കി​ ഗുളിക സ്ട്രിപ്പുകൾ, കൊതുകുബാറ്റിന്റെ വല, കോപ്പർ വയറിന്റെ അവശിഷ്ടം, റീഫിൽ, പഴയ മഴക്കോട്ട്, ചെമ്പുകമ്പി അങ്ങനെ കണ്ണിൽ കാണുന്നതെല്ലാം അമൽ മിനിയേച്ചർ നിർമ്മാണത്തിന് പ്രയോജനപ്പെടുത്തും.
എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കമ്പം തുടങ്ങിയത്. ലോക്ക് ഡൗൺ കാലത്താണ് സൂക്ഷ്മമായി​ പഠി​ച്ചത്.
ബസിൽ ലൈറ്റ്, ഗോവണി, സീറ്റുകൾ, കൈപ്പിടികൾ, തുറക്കാവുന്ന ഡോറുകൾ, ഫോഗ് ലാമ്പുകൾ...എല്ലാ അനുബന്ധ സൗകര്യങ്ങളുമുണ്ട്. പഴയ ചെമ്പുകമ്പിയിൽ തീർത്ത കുഞ്ഞൻ സൈക്കിളും ആനയുമൊക്കെ പൂർണതയോടെ ചെയ്തെടുത്തവ തന്നെ.

 കളിയല്ല കൃഷി
വീടിനോട് ചേർന്നുള്ള മൂന്നുസെന്റ് സ്ഥലത്ത് അമലിന് കൃഷിയുണ്ട്. ഇഞ്ചി, ഓറഞ്ച്, കപ്പ, ചീര, വാഴ, മാവ്, മാതളം, ചാമ്പ, പേര അങ്ങനെ നീളും. പത്തിലേറെ കോഴികളും മുയലുകളും. ലോക്ക് ഡൗണിൽ കിട്ടിയത് ധാരാളം സമയം. കൃഷിയിടത്തിലിരുന്നാണ് പാട്ടുകേൾക്കലും പഠനവുമെല്ലാം.


 എന്നും മുന്നിൽ
പഠനത്തിലും മുന്നി​ലാണ് അമൽ. എസ്.എസ്.എൽ.സിക്ക് 92 ശതമാനമായിരുന്നു മാർക്ക്. ഇപ്പോൾ എൻട്രൻസ് കോച്ചിംഗുമുണ്ട്. വളർന്നുവരുന്ന കീബോർഡിസ്റ്റുമാണ്. അഞ്ചു ഗ്രേഡുകൾ പൂർത്തീകരിച്ചു.

 എൻജി​നിയറാകണം
എൻജി​നിയറാകാൻ ആഗ്രഹിക്കുന്ന അമലിന് അച്ഛൻ കുര്യൻ ജോസഫും അമ്മ വിനിതയും സഹോദരി അലീനയും പൂർണപിന്തുണയുമായി ഒപ്പമുണ്ട്.

 പഠനവും മിനിയേച്ചർ നിർമ്മാണവും കൃഷിയുമെല്ലാം ഒപ്പത്തിനൊപ്പം കൊണ്ടുപോകും. മിനിയേച്ചറുകൾ ഇനിയുമേറെയുണ്ടാക്കണം. പുതിയതിന്റെ പണിപ്പുരയിലാണ്.

-അമൽ കുര്യൻ