photo
തകർന്നു കിടക്കുന്ന എടവനക്കാട് തീരദേശ റോഡ്‌

വൈപ്പിൻ: എടവനക്കാട് ഇക്ബാൽ ബീച്ച്‌റോഡ്, തീരദേശംറോഡ്, അണിയിൽ ബീച്ച് റോഡ്,നേതാജി റോഡ് എന്നിവ ശോചനീയാവസ്ഥയിൽ. വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാന പാതയ്ക്ക് സമാന്തരമായ എടവനക്കാട് തീരദേശ റോഡ് കടൽ കയറിയും കടലിൽ നിന്ന് അടിച്ചു കയറിയ മണ്ണ് മൂടിയും ഗതാഗതയോഗ്യമല്ലാതായിട്ട് 15 വർഷത്തോളമായി. ചിലയിടങ്ങളിൽ ആറടിയോളം താഴ്ത്തിയാലേ റോഡ് കാണാൻ കഴിയുകയുള്ളൂ. ഇടക്കിടക്ക് മണ്ണ് മാറ്റുക, കടൽ കയറി വീണ്ടും മണ്ണിടഞ്ഞ് ഗതാഗതയോഗ്യമല്ലാതാകുക എന്നത് ഈ റോഡിൽ പതിവാണ്. ഈ മണ്ണ് തന്നെ ഉപയോഗിച്ച് ഇരുവശങ്ങളും ഉയരത്തിലാക്കി സംരക്ഷിച്ച് റോഡ് പുനർനിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാനപാതയിൽ നിന്ന് തീരദേശറോഡിലെത്താനുള്ള ഇക്ബാൽ റോഡ് വീതി കൂട്ടുന്നതിനായി പൊളിച്ചിട്ട് നാല് വർഷമായി. ഭൂഉടമകളുടെ തർക്കങ്ങളിൽപ്പെട്ട് നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. മറ്റൊരു റോഡായ നേതാജി റോഡ് ബീച്ചിനോട് ചേർന്നുള്ള മുക്കാൽ കിലോ മീറ്റർ നീളത്തിൽ തകർന്നു തരിപ്പണമായി കിടക്കുകയാണ്. സാധാരണ വേലിയേറ്റത്തിൽപോലും റോഡിൽ വെള്ളം കയറും.
അണിയൽ തോടിന് വടക്ക് വശത്തുകൂടി കടപ്പുറത്തേക്ക് പോകുന്ന അണിയൽ ബീച്ച്‌ റോഡ് തീരദേശറോഡുമായി ബന്ധിപ്പിക്കണമെന്നുള്ളതും നാട്ടുകാർ ഏറെ നാളായി ആവശ്യപ്പെടുന്നതാണ്.

ജനകീയ സമിതി വില്ലേജ് ഓഫീസ് ഉപരോധിച്ചു

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എടവനക്കാട് ജനകീയ സമിതി വില്ലേജ് ഓഫീസ് ഉപരോധം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം, കൺവീനർ എം.ബി. മുരളി, വി.കെ. ഇക്ബാൽ, പി.സി. സാബു, എ.കെ. സരസൻ, പി.എൻ. തങ്കരാജ്, എ.എസ്. കുട്ടൻ,ബേസിൽ മുക്കത്ത് തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.