കൊച്ചി : കോർപ്പറേഷനിലെ തെരുവുനായ വന്ധ്യംകരണ (അനിമൽ ബർത്ത് കൺട്രോളർ എ .ബി. സി) പരിപാടി പുനരാരംഭിച്ചു.കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പദ്ധതിയുടെ നടത്തിപ്പ് ചലനമറ്റതോടെ നഗരത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിച്ചത് ജനങ്ങളെ ഭീതിയിലാക്കിയിരുന്നു. നായശല്യം മൂലം വാഹനയാത്രികർക്കുൾപ്പെടെ രാത്രിയാത്ര പ്രയാസമായി. പ്രഭാതസായാഹ്ന സവാരിക്കാരും റോഡിലേക്കിറങ്ങാൻ മടിച്ചു. ഭക്ഷണം തേടിയലയുന്ന നായ്ക്കൾ വഴിയാത്രക്കാർക്ക് വെല്ലുവിളിയായി.

അടച്ചിടലിൽ കൃത്യമായ വന്ധ്യംകരണം നടത്താതിരുന്നതാണ് തെരുവുനായ്ക്കളുടെ എണ്ണം കൂടാൻ കാരണമായത്. എ.ബി.സിയുടെ നടത്തിപ്പിനായി ബ്രഹ്മപുരം ആശുപത്രിയിൽ ഡോക്ടന്മാരില്ലാതെ വന്നതും പ്രതിസന്ധി സൃഷ്‌ടിച്ചു. തെരുവുനായ്ക്കളുടെ പെരുപ്പം വലിയ പരാതികൾക്ക് കാരണമായതോടെയാണ് എ.ബി.സി പദ്ധതി വീണ്ടും തുടങ്ങിയത്.

 കൂടുതൽ ജീവനക്കാർ

ബ്രഹ്മപുരം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആറ് ജീവനക്കാരെ താത്ക്കാലികമായി നിയമിച്ചു. ഇതിൽ മൂന്നു പേരാണ് തെരുവിൽ നിന്ന് നായ്ക്കളെ പിടിക്കുന്നത്. ഇവർ ഡോക്‌ടർമാരുടെ സഹായികളായും പ്രവർത്തിക്കും.

ടി.കെ.അഷ്‌റഫ്

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

 60 നായ്ക്കളെ വന്ധ്യംകരിച്ചു

ഏപ്രിൽ വരെ ബ്രഹ്മപുരത്തെ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയകൾ നടന്നിരുന്നു. മൂന്നു മാസത്തിന് ശേഷം പഴയതുപോലെ തന്നെ വന്ധ്യംകരണ ശസ്ത്രക്രിയകൾ ആരംഭിച്ചു. മൂന്നു വെറ്ററനറി ഡോക്ടർമാരാണുള്ളത്. ആഗസ്റ്റിൽ 12 ഉം കഴിഞ്ഞ മാസം 60 ഉം ശസ്ത്രക്രിയകൾ നടന്നു. കോർപ്പറേഷൻ പരിധിയിൽ നിന്നു പിടിക്കുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തി നാലു ദിവസത്തിന് ശേഷം പിടിച്ച അതേ സ്ഥലത്ത് തിരിച്ചു കൊണ്ടുവിടും. പുലർച്ചെയും രാത്രിയും നായ്ക്കളെ പിടിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കോർപ്പറേഷൻ വാഹനത്തിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ നായ്ക്കൾ ഓടി ഒളിയ്ക്കും. വാഹനവും ഇവയ്ക്ക് തിരിച്ചറിയാം. അതുകൊണ്ട് ഇപ്പോൾ പുലർച്ചെയാണ് ഇവയെ പിടിക്കാനിറങ്ങുന്നത്. ആറു നായ്ക്കൾ വരെയുണ്ടെങ്കിൽ അതേ ദിവസം ശസ്ത്രക്രിയ നടത്തുകയാണ് പതിവ്. വരുംദിവസങ്ങളിൽ കൂടുതൽ ശസ്ത്രക്രിയ നടത്താനാണ് ഉദ്ദേശം.

വെറ്റിറനറി ഡോ.സുർജിത്.ജെ.കുമാർ