തൃശൂർ: ഏഴു രാജ്യങ്ങളിൽ പടർന്നു പന്തലിച്ച വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന സി.കെ. മേനോന്റെ മതം മനുഷ്യസ്‌നേഹമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഓർമ്മദിനമായിരുന്ന ഇന്നലെ വിവിധ തലങ്ങളിലുള്ള നാനാജാതി മതസ്ഥർ അനുസ്മരണത്തിനായി തൃശൂരിലും വിദേശത്തുമായി ഒത്തുകൂടി.
തൃശൂർ പാട്ടുരായ്ക്കലിലെ നാരായണൻനായർ- കാർത്ത്യായനി ദമ്പതികളുടെ മകനായി 1949ലായിരുന്നു മേനോന്റെ ജനനം. വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം തൃശൂരിൽ പിതാവിനൊപ്പം ബിസിനസിൽ പങ്കുചേർന്നു. പിന്നീട് ഖത്തറിലെത്തിയ അദ്ദേഹം ഒരു പാകിസ്ഥാനിയുടെ കമ്പനിയിൽ ജോലിക്കാരനായി. തുടർന്നുള്ള അദ്ദേഹത്തിന്റെ വളർച്ച കഠിനാദ്ധ്വാനത്തിന്റെ ചരിത്രമാണ്. ഇന്ന് നാലായിരത്തിലധികം പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണ് സി.കെ. മേനോൻ പടുത്തുയർത്തിയ 'ബഹ്‌സാദ് ഗ്രൂപ്പ് ഒഫ് കമ്പനീസ്".
സമ്പന്നരാജ്യമായ ഖത്തറിലെ ഭരണാധികാരികൾ പോലും ബെഹ്സാദിൽ പങ്കാളികളായി. ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും മേനോന്റെ മനസ്സിൽ എന്നുമുണ്ടായിരുന്നു, കാരുണ്യത്തിന്റെ തെളിനീരുറവ.
ഇറാഖ് യുദ്ധസമയത്ത് സംഘർഷഭൂമിയിൽ അകപ്പെട്ട 46 നഴ്‌സുമാരെ നാട്ടിൽ എത്തിക്കുന്നതിന് ഇറാഖ് അധികൃതരുമായി ചർച്ച നടത്തുന്നതിൽ മുന്നിൽ നിന്നത് മേനോനായിരുന്നു. തിരിച്ചെത്തിച്ച നഴ്‌സുമാർക്ക് മൂന്നു ലക്ഷം രൂപ വീതം നൽകാനും ഹൃദയവിശാലത കാണിച്ചു.
അമ്പലവും പള്ളിയും ക്രൈസ്തവ ദേവാലയവും ഒരേ മനസ്സോടെ നിർമ്മിച്ചു നൽകി. ഒട്ടേറെപ്പേർക്ക് പ്രതിവർഷം ചികിത്സാധനസഹായവും നൽകി.
സൗദി അറേബ്യയിൽ കൊലക്കയർ കാത്തുകഴിഞ്ഞ നാല് പേരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിയത് മേനോനായിരുന്നു. ദയാധനം (ദിയ) കണ്ടെത്താനാകാതെ വഴിയടഞ്ഞപ്പോൾ കോടികൾ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.
പൂരത്തിനും ഉത്സവങ്ങൾക്കും ക്ഷേത്രമുറ്റങ്ങളിൽ വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരിപ്പും ധരിച്ച് സാധാരണക്കാരിലൊരാളായി അദ്ദേഹത്തെ കാണാം. തൃശൂരിൽ ജീർണാവസ്ഥയിലായ പല ക്ഷേത്രങ്ങളുടെയും പുനരുദ്ധാരണത്തിന് പിന്നിൽ മേനോന്റെ കരങ്ങളായിരുന്നു. മേനോൻ വീട്ടിലുണ്ടെന്നറിഞ്ഞാൽ അഭ്യർത്ഥനയോടെ ഒരു സംഘം തന്നെയെത്തും. ആരെയും അദ്ദേഹം പിണക്കിയിട്ടില്ല.
വിദേശങ്ങളിലെ പരമോന്നത ഭരണസിരാകേന്ദ്രങ്ങളിൽ സ്വതന്ത്രമായി കടന്നുചെല്ലാനാവുന്നത്ര സ്വാതന്ത്ര്യവും അംഗീകാരവും അദ്ദേഹത്തിനുണ്ടായിരുന്നു. തൃശൂരിൽ നിന്ന് അകന്ന് കഴിഞ്ഞപ്പോഴും നാടിനെയും സംസ്‌കാരത്തെയും മനസ്സിൽ പേറി.
2006ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം മേനോനെ തേടിയെത്തി. 2009ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. സ്ഥാനപതിയാകാൻ കേന്ദ്രസർക്കാരിന്റെ ക്ഷണമെത്തിയെന്നും വാർത്തകളുണ്ടായിരുന്നു. 2019 ഒക്‌ടോബർ ഒന്നിനാണ് മനുഷ്യസ്‌നേഹത്തിന്റെ സ്ഥാനപതിയായ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. മകനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ.കെ. മേനോനാണ് സി.കെ. മേനോന് ശേഷം ബെഹ്‌സാദ് ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയർമാൻ.