whislters

കൊച്ചി: ഇംഗ്ളണ്ടിനെ ചൂളമടിച്ച് തോൽപ്പിക്കാൻ പ്രതിജ്ഞയെടുത്തിരിക്കുകയാണ് കൊച്ചിയിലെ ചൂളമടി കൂട്ടായ്മ. ആയിരം മലയാളികൾ ഒന്നിച്ച് ചൂളമടിച്ചാൽ അത് പുതിയ ലോകറെക്കാഡാകും. ഇംഗ്ലണ്ടിന്റെ 856 പേരുടെ റെക്കാഡാണ് ഭേദി​ക്കേണ്ടത്. 650 പേരായി. ബാക്കിയുള്ളവരെ കണ്ടെത്താൻ അന്വേഷണത്തി​ലാണ്. ആളൊത്താൽ അടുത്ത വർഷമാദ്യം പരി​പാടി​. ആറു വയസുകാരി സാംരംഗി മുതൽ 79കാരൻ സുബ്രഹ്മണ്യൻ വരെയുണ്ടാകും ഇക്കൂട്ടത്തിൽ. 150 പേർ ഒന്നിച്ച് ചൂളമടിച്ച് ലിംകാ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യ ബുക്ക് ഒഫ് റെക്കാഡിലും സ്ഥാനമുറപ്പിച്ചതിനു പിന്നാലെയാണ് കൊച്ചി​യി​ൽ വേൾഡ് ഒഫ് വിസിലേഴ്‌സ് ലോക റെക്കാഡിനൊരുങ്ങുന്നത്.

ചൂളമടിക്കാനുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ഈ മേഖലയിലേക്ക് നയിക്കാനുമായി​ 2019 ലാണ് കൂട്ടായ്മ രൂപംകൊള്ളുന്നത്. 24 വേദികളിൽ പരിപാടി അവതരിപ്പിച്ചു. 80 അംഗങ്ങൾക്ക് സ്വന്തമായി റെക്കാഡുണ്ട്. ചാനൽ പരിപാടികളിലും അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. സ്റ്റീഫൻ ആന്റണി കല്ലറയ്ക്കൽ, ബിജോയ് എം.കെ, ജ്യോതി ആർ. കമ്മത്ത് എന്നിവരാണ് സംഘടനയുടെ അമരക്കാർ.

സംഗീതബോധമുള്ള ആർക്കും ചൂളമടി​ക്കാരാകാം. അല്പമെങ്കി​ലും കഴി​വുണ്ടെങ്കി​ൽ പരി​ശീലനവും നൽകും.

 കലോത്സവങ്ങളിൽ ചൂളമടി മത്സര ഇനമാക്കണമെന്ന ചെറി​യ ആവശ്യം മാത്രമേയുള്ളൂ. ഇതി​നായി​ വി​ദ്യാഭ്യാസ വകുപ്പി​നെ സമീപി​ക്കും.

- സ്റ്റീഫൻ ആന്റണി കല്ലറയ്ക്കൽ, പ്രസിഡന്റ്,

വേൾഡ് ഒഫ് മലയാളി കൗൺസിൽ

വേൾഡ് ഒഫ് വിസിലേഴ്‌സി​ൽ

അംഗമാകാൻ വി​ളി​ക്കാം

+91 82819 50316