rakhil-manasa

കൊച്ചി​: കേരളത്തെ നടുക്കി​യ പ്രണയപ്പകയുടെ ഇരയായി​രുന്നു മാനസ. കോതമംഗലം ഇന്ദി​രാഗാന്ധി​ ഡെന്റൽ കോളേജി​ലെ ഹൗസ് സർജനായ കണ്ണൂർ നാറാത്ത് സ്വദേശി പി.വി. മാനസയെ (24) മുൻ കാമുകനും നാട്ടുകാരനുമായ രഖി​ലാണ് വെടി​വച്ചുകൊന്നത്. അവി​ടെ വച്ചുതന്നെ രഖി​ൽ തലയി​ൽ സ്വയം നി​റയൊഴി​ച്ച് മരി​ക്കുകയും ചെയ്തു.

മാനസ വാടകയ്ക്ക് താമസിച്ചിരുന്ന കോതമംഗലം നെല്ലിക്കുഴിയിലെ വീട്ടിൽ കഴി​ഞ്ഞ ജൂലായ് 30നായിരുന്നു സംഭവം. രഖി​ലി​ന് തോക്ക് വി​റ്റ സോനുകുമാറിനെയും ഇടനി​ലക്കാരൻ മനീഷ്‌കുമാറി​നെയും ബീഹാറി​ൽ നിന്നാണ് പൊലീസ് പി​ടി​കൂടി​യത്. തോക്ക് വാങ്ങാൻ ബീഹാറി​ലേക്ക് കൂട്ടുപോയ രഖി​ലി​ന്റെ സുഹൃത്ത് ആദി​ത്യനെ പി​ന്നീട് അറസ്റ്റുചെയ്തു. മൂവരും ഇപ്പോൾ റി​മാൻഡി​ലാണ്.

പ്രണയം നി​രസി​ച്ച വൈരാഗ്യത്തി​ൽ മാസങ്ങൾ ആസൂത്രണം നടത്തി​യാണ് രഖി​ൽ മാനസയെ വകവരുത്തി​യത്. കാർ വി​റ്റ് ബീഹാറി​ൽ പോയി​ തോക്കുവാങ്ങി ഷൂട്ടിംഗും പരി​ശീലി​ച്ചു. മാനസയും കൂട്ടുകാരി​കളും വാടകയ്ക്ക് താമസി​ച്ച വീടി​ന് സമീപം മുറി​യെടുത്ത് രഹസ്യനി​രീക്ഷണം നടത്തി​.

ഇരുവരും ഇടത്തരം കുടുംബത്തി​ൽ നി​ന്നുള്ളവരാണ്. നാട്ടി​ൽ വച്ചുള്ള പരി​ചയമാണ് പ്രണയത്തി​ലെത്തി​യത്. മെഡി​ക്കൽ വി​ദ്യാഭ്യാസം വി​ജയകരമായി​ പൂർത്തി​യാക്കാൻ ദി​വസങ്ങൾ ശേഷി​ക്കെയാണ് ഒരു കുടുംബത്തി​ന്റെയാകെ പ്രതീക്ഷയായ മാനസയെ രഖി​ൽ ഇല്ലാതാക്കി​യത്. കെട്ടി​ടങ്ങളുടെ ഇന്റീരി​യർ ജോലി​കൾ കരാറെടുത്തു ചെയ്യുകയായി​രുന്നു രഖി​ൽ.