ആലുവ: കുട്ടമശേരി ചാലക്കൽ അമ്പലപ്പറമ്പിലും പരിസരങ്ങളിലും വഴിവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. കീഴ്മാട് പഞ്ചായത്തിലെ ആറാം വാർഡിൽ മാത്രം ഏകദേശം 32 ഓളം വഴിവിളക്കുകൾ രണ്ട് മാസത്തിലേറെയായി തെളിയുന്നില്ലെന്നാണ് ആക്ഷേപം. പഞ്ചായത്തും കെ.എസ്.ഇ.ബിയും പരസ്പരം ആരോപിച്ച് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയുകയാണ്.

കെ.എസ്.ഇ.ബിയിൽ പരാതിപ്പെട്ടപ്പോൾ പഞ്ചായത്തിനാണ് ചുമതലയെന്നാണ് പറയുന്നത്. അതേസമയം കരാറുകാരന്റെ വീഴ്ച്ചയാണെന്നും പറയുന്നുണ്ട്. വഴിവിളക്കുകൾ തെളിക്കാൻ അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളാരംഭിക്കുമെന്ന് പ്രസിഡന്റ് വി.സി. ജോസഫ് അറിയിച്ചു.