ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് റോഡ് പത്താം വാർഡിൽ മാളേയ്ക്കപ്പടി കോരങ്ങാട്ടുത്താഴം റോഡിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മണ്ണ് അനധികൃതമായി കടത്തിയതായി ആക്ഷേപം. മണ്ണ് കടത്തിലിന് പിന്നിൽ ത്രിതല സമിതി അംഗങ്ങളാണെന്നും പഞ്ചായത്ത് പദ്ധതിയാണെന്ന് പറഞ്ഞ് നാട്ടുകാരെ കബളിപ്പിച്ചാണ് ടാറിംഗ് നടത്തിയ റോഡിലെ മണ്ണ് കുഴിച്ചെടുത്തതെന്ന് പറയുന്നു. ഏകദേശം 187 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള റോഡിൽ ശരാശരി 0.48 മീറ്റർ ആഴത്തിലാണ് മണ്ണെടുത്തത്. സ്വകാര്യ ഫ്ളാറ്റ് ഉടമകളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. പാടശേഖരം മണ്ണിട്ട് നികത്തി വില്ലകൾ സ്വകാര്യ സ്ഥാപനം 2006 ലാണ് 20 ഏക്കർ കൃഷി നിലം വാങ്ങിയത്. അന്നത്തെ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി പാടം നികത്താൻ അനുമതി നൽകിയെങ്കിലും വിവാദമായതിനെ തുടർന്ന് നടന്നില്ല. വീണ്ടും എൽ.ഡി.എഫ് അധികാരത്തിലേറിയപ്പോൾ പാടശേഖരം നികത്തുന്നതിനും ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിനും ശ്രമം നടത്തുന്നതായാണ് ആക്ഷേപം.
പഞ്ചായത്ത് പൊതുപണം മുടക്കി ടാറിംഗും, കോൺഗ്രീറ്റിംഗും പൂർത്തിയാക്കിയിരുന്ന റോഡാണ് നിയമ വിരുദ്ധമായി കുഴിച്ച് മണ്ണെടുത്തത്.
റോഡ് നശിപ്പിച്ചതിന് പുറമെ ഭീമമായ മണ്ണ് കടത്തിയതിലൂടെ വൻ നഷ്ടമാണ് പഞ്ചായത്തിനുണ്ടായിട്ടുള്ളത്. ആരെങ്കിലും നിയമനടപടി സ്വീകരിച്ചാൽ പൊതുമുതൽ നശിപ്പിച്ചതിന് മണ്ണ് കടത്തിന് കൂട്ടുനിന്ന പഞ്ചായത്ത് - ബ്ളോക്ക് അംഗങ്ങൾ അയോഗ്യരാകാനുള്ള സാധ്യതയുമുണ്ട്.
നടപടി വേണമെന്ന് കോൺഗ്രസ്
മണ്ണ് നീക്കുന്നതിന് പഞ്ചായത്ത് അധികൃതരും പൊലീസും ഒത്താശ ചെയ്തതായും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്റുമായ എം.എ.എം.മുനീർ, കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.വി. മനോജ് എന്നിവർ അറിയിച്ചു.
മണ്ണ് നീക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് പ്രസിഡന്റ്
പത്താം വാർഡിലെ ഏതെങ്കിലും റോഡിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിന് ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ പറഞ്ഞു. കൊരങ്ങാട്ടിത്താഴം റോഡിൽ നിന്നും മണ്ണ് നീക്കിയ വിവരം സംബന്ധിച്ച് അറിവില്ല. കൂടുതൽ അന്വേഷിച്ച് നടപടിയെടുക്കും.