quier

കൊച്ചി: റോമിലെ വത്തിക്കാൻ പള്ളിയിലെ പ്രത്യേക കുർബാനയ്ക്ക് കൊച്ചിയിൽ നിന്ന് സംഗീതശുശ്രൂഷ. ഒരു മണിക്കൂർ നീണ്ട കുർബാനയിൽ തത്സമയമാണ് ഗായകസംഘം ലത്തീൻ ഭാഷയിൽ ഗാനങ്ങൾ ആലപിച്ചത്. ആഗോള കപ്പലോട്ട ദിനാഘോഷത്തിന്റെ ഭാഗമായാണ് മാർപ്പാപ്പയുടെ ആസ്ഥാനമായ വത്തിക്കാനിൽ പ്രത്യേക കുർബാന ഒരുക്കിയത്. വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി ഏഴിനായിരുന്നു കുർബാന. കൊച്ചിയിൽ നിന്ന് തത്സമയം വത്തിക്കാനിലെ പള്ളിയിൽ സംഗീതശുശ്രൂഷ പ്രദർശിപ്പിച്ചു.

പനങ്ങാട് സെന്റ് മേരീസ് ലാറ്റിൻ ക്വയറാണ് ഗാനങ്ങൾ ആലപിച്ചത്. ബിഷപ്പ് അലക്സ് വടക്കുംതല, ഡയറക്ടർ ഡോ. സൈമൺ കുമ്പേൽ, മാനേജർ ഫാ. വിൻസ് പെരിഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ഗാനശുശ്രൂഷ ഒരുക്കിയത്. ജോസഫ് തേൻകുഴി പരിശീലനം നൽകി. ബർത്തലോമിയോ, ജിമ്മി കേളന്തറ, റോയ്, അഗസ്റ്റിൻ, മെറിൻ, മിനി, സാന്ദ്ര, എമിലിൻ, റെജീന, ജെയ്സൺ മനക്കിൽ, ആരോൺ എന്നിവരായിരുന്നു ഗായകർ. പൊന്നൻ (കീബോർഡ്), നിർമ്മൽ വിൻസ് (ഗിറ്റാർ), ഷാജു, ഉണ്ണി (വയലിൻ) എന്നിവർ പശ്ചാത്തലമൊരുക്കി. ഫാ. മിൽട്ടനാണ് ചിത്രീകരണം നടത്തിയത്.

റോമിലെ സ്റ്റെല്ലാ മേരീസ് ഇന്റർനാഷണൽ ഡയറക്ടർ ഫാ. ബ്രൂണോ സിസേറിയാണ് വത്തിക്കാനിൽ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. കടൽയാത്രികർക്ക് ആശംസയും അനുഗ്രഹവും നേരാനായി​രുന്നു കുർബാന. പത്തു വർഷമായി ലത്തീൻ ഭാഷയിൽ സംഗീതശുശ്രൂഷ ചെയ്യുന്ന സംഘമാണ് സെന്റ് ആന്റണീസ് ക്വയർ. വരാപ്പുഴ അതിരൂപതയുടെ കീഴിലാണ് പ്രവർത്തനം. വത്തിക്കാനിൽ സംഗീതശുശ്രൂഷ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് വിൻസ് പെരിഞ്ചേരി പറഞ്ഞു.