കോലഞ്ചേരി: സഹകരണ ബാങ്കുകൾ കേരള വികസനത്തിന്റെ മുഖമുദ്രയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. മഴുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മേഖലയിൽ വലിയ പങ്കാണ് ബാങ്കുകൾ വഹിക്കുന്നത്. നിർഭാഗ്യവശാൽ ചില ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾ മൊത്തം ബാങ്കുകളുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി. ക്രമക്കേടുകൾ നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് സഹകരണമേഖലക്ക് പുതിയ സന്ദേശം നൽകണമെന്നും സതീശൻ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് അഡ്വ. മാത്യു എൻ.എബ്രഹാം അദ്ധ്യക്ഷനായി.കോൺഫറൻസ് ഹാൾ ബെന്നി ബെഹനാൻ എം.പിയും, ബാങ്ക് കൗണ്ടർ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകനും, കാഷ് കൗണ്ടർ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ സജീവ് കർത്തയും ഉദ്ഘാടനം ചെയ്തു. വി.പി.സജീന്ദ്രൻ, ടി.ഒ.പീറ്റർ, ആർ.എം. രാമചന്ദ്രൻ, കുന്നത്തുനാട് അസിസ്റ്റന്റ് രജിസ്ട്രാർ കെ.സുനിൽ ജില്ലാ പഞ്ചായത്തംഗം ഉമാ മഹേശ്വരി, ജോർജ് ഇടപ്പരത്തി, നിജ ബൈജു തുടങ്ങിയവർ സംസാരിച്ചു.