പെരുമ്പാവൂർ: ലോകത്തിലെ ഏറ്റവും വലിയ സ്റ്റെൻസിൽ ഗാന്ധി മുഖചിത്രമൊരുക്കി പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ.10 ദിവസങ്ങളിലായി 50 മണിക്കൂർ എടുത്താണ് കൊവിഡ് പശ്ചാലത്തലത്തിൽ ചിത്രം പൂർത്തിയാക്കിയത്.44.3 അടി വീതിയും 51.3 അടി നീളവുമുള്ള ഈ ഗാന്ധിമുഖചിത്രം ഏകദേശം 2272.59 ചതുരശ്രഅടി വലിപ്പമുള്ളതാണ്. ചിത്രക്കാരൻ ഷാനവാസ് മുടിക്കലിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിലെ 7 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ചിത്രരചനയിൽ താൽപര്യമുള്ള 120 വിദ്യാർത്ഥികളാണ് ഈ വലിയ സ്റ്റെൻസിൽ ഗാന്ധി ചിത്രം ഒരുക്കിയത്.
രാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി ജീവാർപ്പണം ചെയ്ത സ്വാതന്ത്ര സമര സേനാനികളുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും ലോകത്തിലെ ഏറ്റവും വലിയ നൂറ് സ്റ്റെൻസിൽ ആർട്ട് ചിത്രങ്ങൾ ഭാരതീയം എന്ന പേരിൽ തയ്യാറാക്കുന്ന ആദ്യ ചിത്രമാണിത്.തണ്ടേക്കാട് ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ ഓഡിറ്റോറിയത്തിൽ ചിത്രം തയ്യാറാക്കിയത്.
പ്രമുഖ ചിത്രകാരൻ ഷാനവാസ് മുടിക്കൽ ക്യൂറേറ്ററായ ഈ ഉദ്യമത്തിൽ അധ്യാപകരായ കെ.എ നൗഷാദ് പ്രോഗ്രാം കോ-ഓർഡിനേറ്ററായും, ഷൈനി പി.എം, ശ്രീവിദ്യ എം.എൻ,അജീന ബഷീർ തുടങ്ങിയർ പരിശീലകരുമായി.ഒരു വിദ്യാലയത്തിലെ കുട്ടികൾ തീർക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗാന്ധി ചിത്രം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെയുളള വിവിധ റെക്കോഡ് ഏജൻസികൾ ഈ പരിപാടി വിലയിരുത്താൻ എത്തിയിരുന്നു.