പെരുമ്പാവൂർ: അതിരപ്പിള്ളി കോടനാട് ടൂറിസം ഹെറിറ്റേജിന്റെ മദ്ധ്യത്തിൽ പെരിയാർനദി നിരപ്പിൽ നിന്ന് 160 അടി ഉയരത്തിൽ നിൽക്കുന്ന ചൂരമുടിമലയും പരിസരവും മനോഹരമായ കാഴ്ചയാണ് സഞ്ചാരികൾക്ക് ഒരുക്കിയിരിക്കുന്നത്. മലമുകളിൽ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് പള്ളിയും മലയുടെ ചുറ്റുമായി പച്ച വിരിച്ചുകിടക്കുന്ന മലനിരയുടെ കാഴ്ചയും മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. ജില്ലയിലെ മുടക്കുഴ, വേങ്ങൂർ, കൂവപ്പടി പഞ്ചായത്തുകളുടെ സംഗമ സ്ഥാനമാണ് ചൂരമുടിമല. മലയോര ഹൈവേ ഈ മലയുടെ സമീപത്തുകൂടിയാണ് പോകേണ്ടത്. മലമുകളിൽ നിന്ന് നോക്കിയാൽ മലയാറ്റൂർ കുരുശുമുടി തീർത്ഥാടനകേന്ദ്രം, അമ്പലമുകൾ റിഫൈനറി, നെടുമ്പാശ്ശേരി വിമാനത്താവളം, പുലിയണിപ്പാറ, കോടനാട് ആനക്കളരി, അഭയാരണ്യം, നെടുമ്പാറചിറ, കാലടി ശങ്കരാചാര്യ സ്തൂപം, ഇരിങ്ങോൾക്കാവ്, കല്ലിൽ ക്ഷേത്രം, പാണേലിപോര് ഒരു പരിധിവരെ ഉദയാസ്തമനവും കാണാൻ കഴിയും. ജില്ലാ ടൂറിസം അധികാരികൾക്ക് മുടക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും എം.എൽ.എയും സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് ചൂരമുടിമല ടൂറിസ്റ്റ് കേന്ദ്രമായി പ്രവർത്തനം തുടങ്ങുന്നതിന്റെ ആദ്യപടി എന്ന നിലയിൽ ഒരു ടവർ മലമുകളിൽ പണി തീർക്കാൻ നടപടികൾ സ്വീകരിക്കാൻ എം.പിയും, എം.എൽ.എയും, ത്രിതല പഞ്ചായത്ത് ഭാരവാഹികളും, കെ.ടി.ഡി.സിയും മുന്നോട്ടു വരണമെന്ന് ചൂരമുടിമല ടൂറിസം പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
വിനോദ സഞ്ചാര കേന്ദ്രമാക്കാൻ പ്രമേയം
പാസാക്കി മുടക്കുഴ ഗ്രാമപഞ്ചായത്ത്
ചൂരമുടിമല, പെട്ടമല തുടങ്ങിയ പ്രദേശങ്ങൾ വിനോദ സഞ്ചാര മേഖലയായി പ്രഖ്യാപിച്ച് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ടൂറിസം മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് സംസ്ഥാനത്തെ ഒരോ പഞ്ചായത്തിലും ഒരോ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനമനുസരിച്ച് മുടക്കുഴ പഞ്ചായത്തിൽ നടപ്പിലാക്കുവാൻ ഈ പ്രദേശങ്ങൾ അനുയോജ്യമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സ്വകാര്യ വക്തികളുടെയും സർക്കാർ റവന്യു റിക്കവറി നടത്തിയെടുത്ത പുറമ്പോക്കും പഞ്ചായത്തു പുറമ്പോക്കും യഥേഷ്ടമുണ്ട്. ഈ സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറിയാൽ ബോട്ടിംഗ് സൗകര്യങ്ങൾ റോപ് വേ അടക്കം വിനോദ സഞ്ചാരികൾക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താം. ചൂര മുടി മലയിൽ വാച്ച് ടവർ സ്ഥാപിക്കുവാൻ ഡി.ടി.പി.സിയുമായി ബന്ധപ്പെട്ട് സർക്കാർ പഞ്ചായത്തിനെ ഏൽപ്പിച്ചാൽ മനോഹരമായ വിദൂരകാഴ്ചകൾ കാണാൻ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും കഴിയും. ഇവയെല്ലാം ചൂണ്ടിക്കാട്ടിയുള്ള പഞ്ചായത്തു കമ്മിറ്റിയുടെ പ്രമേയം പെരുമ്പാവൂർ എം.എൽ.എ മുഖേന സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി.അവറാച്ചൻ പറഞ്ഞു.