dharna-

കൊച്ചി: പതിനൊന്നു മാസക്കാലം മലയാളികൾക്ക് കിറ്റ് വിതരണം ചെയ്ത റേഷൻ വ്യാപാരികൾക്ക് ദുരിതമൊഴിയുന്നില്ല. നാളിതു വരെ നയാപൈസ സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലാത്തതിനാൽ സമരം ശക്തമാക്കുകയാണിവർ. സംസ്ഥാന വ്യാപക സമരത്തോടനുബന്ധിച്ച് റേഷൻ വ്യാപാരികൾ കളക്ടറേറ്റ് ധർണ നടത്തി. നാലിന് പൊതുജനങ്ങളും റേഷൻ വ്യാപാരികളും ഒപ്പിട്ട് മുഖ്യമന്ത്രിയ്ക്ക് ഭീമ ഹർജി നൽകും. കൂടാതെ കേരളപ്പിറവി ദിനത്തിൽ താലൂക്ക് തലം മുതൽ സെക്രട്ടറിയേറ്റ് വരെ ധർണ പരിപാടികളും നടത്താനുമാണ് തീരുമാനം.

 കിട്ടിയിത് ഒരു കിറ്റിന്റെ കമ്മിഷൻ
ഏപ്രിൽ മുതൽ സംസ്ഥാനത്ത് കിറ്റ് വിതരണം തുടങ്ങിയെങ്കിലും ഒരുമാസത്തെ കമ്മിഷൻ മാത്രമാണ് ഇതുവരെ വ്യാപാരികൾക്ക് നൽകിയത്. ആദ്യ കിറ്റ് വിതരണം ചെയ്തതിന് മാത്രമാണ് പണം നൽകിയത്. ഒരു കിറ്റിന് ഏഴുരൂപ എന്ന കണക്കിനാണ് കമ്മിഷൻ നൽകുന്നത്. ഈ തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല. തരാമെന്ന് പറഞ്ഞ പണമെങ്കിലും നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇതിനെതിരെ നിലവിൽ ഹൈക്കോടതിയിൽ കേസ് നൽകിയിരിക്കുകയാണ് വ്യാപാരികൾ.

 കളക്ടറേറ്റ് ധർണ

കമ്മിഷൻ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് കളക്ടറേറ്റിൽ ധർണ നടന്നു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമതി പി.വൈ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഏലിയാസ് പീറ്റർ, ജില്ലാ താലൂക്ക് ഭാരവഹികളായ നിസാർ, ശിവൻ എന്നിവർ പങ്കെടുത്തു.

 മറ്റു ആവശ്യങ്ങൾ

 നിലവിലുള്ള വ്യാപാരികളുടെ വേതന പാക്കേജ് പുതുക്കുക
 സെയിൽസ്മാൻമാർക്ക് വേതനം അനുവദിക്കുക
 കൊവിഡ് മൂലം മരണപ്പെട്ട ലൈസൻസിക്കും സെയിൽസ്മാനും ധനസഹായം അനുവദിക്കുക
 ലൈസൻസിക്കും സെയിൽസ്മാനും പുതിയ ഇൻഷ്വറൻസ് പദ്ധതി എല്ലാവിഭാഗം ചികിത്സയ്ക്കും അനുവദിക്കുക
 വർഷങ്ങളായി താത്കാലികമായി സെയിൽസ്മാന്മാർ നടത്തികൊണ്ടിരിക്കുന്ന ഡിപ്പോ അവരുടെ പേരുകളിൽ അനുവദിക്കുക .

 സർക്കാർ കിറ്റ് വിതരണത്തിൽ കാണിച്ച ആത്മാർത്ഥത പോലും റേഷൻ വ്യാപാരികളോടുണ്ടായിട്ടില്ല. 11 മാസം വിതരണം ചെയ്ത കിറ്റിന്റെ വേതനം സർക്കാർ നൽകാത്തത് അങ്ങേയറ്റം പ്രതിക്ഷേധാർഹവും ജനാധിപത്യസർക്കാർ തൊഴിലാളികളോട് കാണിക്കുന്നത് നീതി നിഷേധവുമാണ്.

എൻ. ഷിജീർ
ഓർഗനൈസിംഗ് സെക്രട്ടറി
കേരള സ്‌റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ