fg

കോതമംഗലം: അറാക്കപ്പിൽ നിന്നും ഇടമലയാർ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ അവഗണനയുടെ വക്കിൽ. തങ്ങളിൽ പലർക്കും വാക്സിൻ പോലും കിട്ടിയിട്ടില്ല എന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. ജൂലായ് 6ന് അറാക്കപ്പിൽ നിന്നും പോന്നശേഷം തങ്ങളുടെ കാര്യങ്ങൾ ആരും അന്വേഷിക്കുന്നില്ല. നിലവിൽ സമരംചെയ്യുന്ന ആദിവാസി കുടുംബങ്ങളിൽ 14 പേർക്ക് ആദ്യ ഡോസ് വാക്സിൻ പോലും കിട്ടിയിട്ടില്ല. എട്ടുപേർക്ക് ജൂൺ 11 നാണ് ആദ്യ ഡോസ് കിട്ടിയത്. 112 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കണം എന്നിരിക്കെ ഇവർക്ക് അത് ലഭ്യമാക്കാൻ ആരും മുൻകൈ എടുക്കുന്നില്ലെന്നാണ് പരാതി. ചുരുക്കം ചില ആളുകൾക്ക് മാത്രമേ കിട്ടിയിട്ടുള്ളൂ അതും അറാക്കപ്പിൽ നിന്നും പോരുന്നതിനു മുമ്പ് മാത്രം.

നിലവിൽ താമസിക്കുന്ന ട്രൈബൽ ഹോസ്റ്റലിൽ നിന്നും ഏതുനിമിഷവും ഇറക്കി വിട്ടേക്കാം എന്ന ഭയത്തിലാണ് ഓരോ ദിവസവും ആദിവാസി കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്. ഒട്ടുമിക്ക കുട്ടികൾക്കും കടുത്ത ശരീരവേദനയും ജലദോഷവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ട്. തങ്ങൾ വന്ന ആഴ്ചയിൽ ആരോഗ്യ വകുപ്പിന്റെ ഒരു പരിശോധന ഉണ്ടായെങ്കിലും അതിനുശേഷം യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മുതിർന്നവരിൽ പലർക്കും കടുത്തപനി വന്നുപോയി. ആരോഗ്യവകുപ്പ് ഇടപെട്ട് അടിയന്തരമായി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണം എന്നാണ് സമരം ചെയ്യുന്നവരുടെ ആവശ്യം. 11 കുടുംബങ്ങൾ ഒരു കൂരയ്ക്കു കീഴിൽ താമസിക്കുമ്പോൾ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാകില്ല.

 ശക്തമായ പനിയും തലവേദനയും ആയി നാലുദിവസമാണ് എണീക്കാൻ വയ്യാതെ കിടന്നത്. പുറത്തു നിന്ന് മരുന്ന് മേടിക്കാൻ പോലും ഉള്ള പൈസ കയ്യിൽ ഇല്ല. ഗവൺമെന്റ് ഒരു ഇടപെട്ട് ഒരു പരിശോധനാക്യാമ്പ് ഒരുക്കുമെന്നാണ് കരുതുന്നത്.

തങ്കപ്പൻ

ഊരു മൂപ്പൻ