തോപ്പുംപടി: ലക്ഷങ്ങൾ മുടക്കി കൊച്ചിൻ പോർട്ട് ട്രസ്റ്റ് പണി കഴിപ്പിച്ച വാക്ക് വേയിൽ തെരുവ് നായ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം പ്രഭാതസവാരിക്കായി എത്തിയ കൊച്ചിൻ പോർട്ട് ജീവനക്കാരനായ രമേശിനെ തെരുവ് നായ ആക്രമിച്ചു. ഉടൻ തന്നെ കരുവേലിപ്പടി ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷബാധ മരുന്ന് സ്റ്റോക്ക് ഇല്ലാത്തതിനാൽ എറണാകുളം ഗവ.ആശുപത്രിയിലേക്ക് മാറ്റി. തോപ്പുംപടി ബി.ഒ.ടി പാലം മുതൽ കണ്ണങ്ങാട്ട് പാലം വരെയാണ് വാക്ക് വേ നിർമ്മിച്ചിരിക്കുന്നത്. പുലർച്ചെയും വൈകിട്ടും സ്ത്രീകൾ ഉൾപ്പടെ നിരവധി പേരാണ് ഇവിടെ നടക്കാൻ എത്തുന്നത്. എന്നാൽ കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കൾ ഇവരുടെ ജീവന് ഭീഷണിയായിരിക്കുകയാണ്. അതുപോലെ തന്നെ ഇരുൾവീണ് കഴിഞ്ഞാൽ ഈ ഭാഗത്തെ വിളക്കുകൾ പണിമുടക്കുന്നതും ഒരു വിനയായി മാറിയിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തക്കാരുടെ കൂട്ടായ്മ കൊച്ചിൻ പോർട്ട് അധികാരികൾക്ക് പരാതി നൽകിയിരിക്കുകയാണ്. പകൽ സമയത്തും സന്ധ്യാസമയത്തും പ്രകൃതി ഭംഗി ആസ്വദിക്കാനും നിരവധി പേർ ഇവിടെ എത്താറുണ്ട്. രണ്ട് കിലോമീറ്റർ ദൂരത്തിൽ ടൈൽസ് പാകിയും ഇരിപ്പിടങ്ങളും വൃക്ഷങ്ങളും ആഡബര വിളക്കുകളും സഹിതം വർഷങ്ങൾക്കു മുൻപാണ് വാക്ക് വേ പണികഴിപ്പിച്ചത്. മദ്ധ്യഭാഗത്ത് ഈ അടുത്ത കാലത്തായി മഴവിൽ പാലം ഒരുക്കി ദൃശ്യഭംഗി ഒരുക്കിയിട്ടും തെരുവ് നായ്ക്കളുടെയും വഴിവിളക്കുകളുടെയും കാര്യത്തിൽ അധികാരികൾ സത്വര നടപടികൾ ഇനിയും സ്വീകരിക്കാത്തതിൽ ഇവിടെ എത്തുന്നവർ കടുത്ത അമർഷത്തിലാണ്. ലക്ഷങ്ങൾ മുടക്കിയ പദ്ധതി പരിപാലിക്കാൻ ഒരു കാവൽക്കാരനെ പോലും ഇവിടെ നിയമിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.