കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഗവേഷണം നടത്തുന്ന ഗവേഷകവിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിനായി അക്കാഡമിക് അദാലത്ത് സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഗവേഷക ഉപദേശക സമിതി ചേരാൻ സാധിക്കാത്ത ഗവേഷകരുടെ ഗവേഷക ഉപദേശക സമിതി ചേരുന്നതിന് സാവകാശം അനുവദിക്കാൻ അദാലത്തിൽ തീരുമാനമായി.
സർവകലാശാലയിൽ നിലവിലുള്ള പി.എച്ച്.ഡി റഗുലേഷൻ സംബന്ധിച്ച് വകുപ്പ് അദ്ധ്യക്ഷന്മാർ ഗവേഷക മാർഗദർശിമാർ തുടങ്ങിയവർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. അദാലത്ത് വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ.ഗോപാലകൃഷ്ണൻ എം.ബി, സിൻഡിക്കേറ്റ് അംഗം ഡോ. ബിച്ചു എക്‌സ്. മലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.