വിചാരണക്കോടതിക്ക് മാർഗനിർദ്ദേശങ്ങൾ
കൊച്ചി: ക്രിമിനൽ കേസുകളിലുൾപ്പെട്ടവർക്ക് പാസ്‌പോർട്ട് അനുവദിക്കുന്നത് കേസിന്റെ സ്വഭാവമടക്കമുള്ള വിവരങ്ങൾ പരിശോധിച്ച് വേണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇതിനായി വിചാരണക്കോടതി പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി. കേസുണ്ടെന്ന പേരിൽ പാസ്‌പോർട്ടിനുള്ള അപേക്ഷ നിരസിച്ചതിനെതിരെ തിരുവനന്തപുരം സ്വദേശി തദേവൂസ് സെബാസ്റ്റ്യൻ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറഞ്ഞത്. ക്രിമിനൽ കേസിലെ പ്രതികൾക്ക് വിചാരണക്കോടതിയുടെ അനുമതിയോടെ മാത്രമേ പാസ്പോർട്ട് നൽകാവൂ എന്നാണ് ചട്ടം. ഇത്തരം അപേക്ഷ പരിഗണിക്കുമ്പോൾ അനുമതി നൽകാൻ മജിസ്ട്രേട്ട് പരിഗണിക്കേണ്ട കാര്യങ്ങളാണ് സിംഗിൾബെഞ്ച് വ്യക്തമാക്കിയത്.
പരിഗണിക്കേണ്ട കാര്യങ്ങൾ
ഒാരോ കേസും പ്രത്യേകം വിലയിരുത്തി തീരുമാനമെടുക്കണം
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും സ്വഭാവവും പരിഗണിക്കണം
തീവ്രവാദം, കള്ളക്കടത്ത് തുടങ്ങിയ കേസുകളെ മറ്റു കേസുകളെപ്പോലെ കാണരുത്
വിചാരണ നടപടികളുടെ സമയം, ഘട്ടം തുടങ്ങിയവയും വിലയിരുത്തണം
വിചാരണയിൽനിന്ന് രക്ഷപ്പെടാനുള്ള സാദ്ധ്യത പരിഗണിക്കണം
ഹീനമായ കുറ്റങ്ങൾ ചെയ്തവർക്ക് അനുമതി നൽകുമ്പോൾ സമയപരിധി നിശ്ചയിക്കണം
വിദേശത്തേക്ക് പോയാൽ അവിടത്തെ മേൽവിലാസം വിചാരണക്കോടതിയിലോ കോൺസുലേറ്റിലോ നൽകണം
പാസ്പോർട്ട് എത്രനാൾവരെ അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കണം