ആലുവ: ആലുവ നഗരത്തിലെയും ദേശീയപാതയിൽ പുളിഞ്ചോട് മുതൽ പറവൂർ കവല വരെയുള്ള ഭാഗത്തെയും കടുത്ത ഗതാഗതകുരുക്ക് പരിശോധിക്കുന്നതിനായി നാറ്റ്പാക് സംഘം സ്ഥലം സന്ദർശിച്ചു. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വിദഗ്ധ സംഘം പരിശോധന നടത്തിയത്. ആലുവയിലെ ഗതാഗതകുരുക്കിന് ശ്വാശ്വതമായ പരിഹാരം കാണണമെന്ന് അൻവർ സാദത്ത് എം.എൽ.എ നാറ്റ്പാക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് സർവേ നടത്തി ട്രാഫിക് പരിഹാരം നിർദ്ദേശിക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് എൻജിനീയറിംഗ് ഡിവിഷൻ സയന്റിസ്റ്റുകളായ ബി. അനീഷ് കിനി, അരുൺ ചന്ദ്രൻ എന്നിവർ ആലുവ ടൗണിലെയും ദേശീയപാതയയിലെയും എല്ലാ കവലകളും സന്ദർശിച്ചത്. ഉടൻ നാറ്റ്പാക് വിശദമായ പഠനം ആരംഭിക്കുമെന്ന് ഇരുവരും പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, എം.പി. സൈമൺ, സൈജി ജോളി, കൗൺസിലർ കെ. ജയകുമാർ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.